സനാതന ധർമ്മം – 40 ::
“ആത്മസാക്ഷാത്കാരം” അഥവാ “ഈശ്വരപ്രാപ്തി” ഇതാണല്ലോ ഒരു ജീവന്റെ പരമമായ ലക്ഷ്യം.
മനുഷ്യ ജീവിതം എന്ന് പറയുന്നത് അനുഭവങ്ങളുടെ ഒരു പരമ്പരയാണ്. ഇത് ഒന്നിന് പുറകെ ഒന്നായി സുഖ ദുഃഖങ്ങളായി വന്നും പോയും ഇരിക്കുന്നു. ശരീര മനോ ബുദ്ധികളിൽ അഹന്തയും ഭൗതീക വസ്തുക്കളിൽ മമതയും വെച്ചുപുലർത്തുന്ന ജീവൻ സംസാരമാകുന്ന സാഗരത്തിൽ ഉയർന്നു വരുന്ന ഈ സുഖദുഃഖ തിരമാലകളിൽപ്പെട്ടു പൊങ്ങിയും താണും ജീവിതം അനുഭവിച്ചു തീർക്കുന്നു.
എന്നാൽ ഭഗവത് ഗീതയിൽ ഭഗവാൻ നമ്മോട് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം
യം ഹി ന വ്യഥയന്ത്യേതേ
പുരുഷം പുരുഷർഷഭ!
സമദുഃഖസുഖം ധീരം
സോമൃതത്ത്വായ കല്പതേ
(ഭഗവത് ഗീത അദ്ധ്യായം 2: ശ്ലോകം 15)
ബന്ധങ്ങളിവായാൽ ശല്യ-
മേൽക്കാത്തോൻ പുരുഷർഷഭ!
സുഖദുഃഖങ്ങളില്ലാത്ത
ധീരൻ മോക്ഷത്തിനർഹനും
( മലയാളഭാഷാ ഗീത)
ജീവിതത്തിൽ നാം നേടേണ്ട പരമോന്നത സിദ്ധിയാണ്…. “സമബുദ്ധി”. അതായത് സുഖദുഃഖങ്ങളെ ഒരു തുലനാവസ്ഥയിൽ കാണുക എന്നത്. നമുക്കറിയാം സുഖത്തെ പോലെ ഒരിക്കലും ദു:ഖത്തെ കാണാൻ കഴിയില്ല എന്നു. എന്നാൽ ജീവിതാനുഭവങ്ങൾ അനുകൂലമായി വരുന്ന സാഹചര്യത്തിൽ സന്തോഷത്താൽ മതി മറക്കാതേയും പ്രതികൂല സാഹചര്യങ്ങളിൽ ദുഃഖക്കയങ്ങളിൽ വീണുപോവാതെയും , ഇതെല്ലാം നമുക്ക് അനുഭവവേദ്യമാക്കി തരുന്നത് നമ്മിൽ നിറഞ്ഞു നിൽക്കുന്ന ഭഗവത് ശക്തിയാണെന്നും … തന്റെ അസ്തിത്ത്വം തന്നെ ആ ഭഗവാനാണെന്നും … അനശ്വരമായി എന്നും ഉള്ളത് ആ ശക്തി മാത്രമാണെന്നും തിരിച്ചറിയുന്നവനെ ഈ സുഖദുഃഖങ്ങൾ ബാധിക്കുന്നില്ല. ജീവിതത്തിൽ മറ്റെന്തെല്ലാം നേടിയെടുത്താലും ഈ സമബുദ്ധി നേടാത്തവന്റെ പ്രയത്നങ്ങൾ പാഴ് വേലകളായി തന്നെ പരിണമിക്കയെ ഉള്ളൂ.. ഭൗതീകമായ നേട്ടങ്ങളൊന്നുമില്ലെങ്കിക്കും സമബുദ്ധി കൈവരിച്ച ഒരുവൻ “ആത്മസാക്ഷാത്കാരം” എന്ന അമരത്ത്വത്തിലേക്ക് ഉയരുകയും ചെയ്യുന്നു.