നാം ജീവിതം എന്നത് എന്തൊക്കെയോ നേടാനും അതിലൂടെ കുറെ ഭൗതികസുഖങ്ങൾ അനുഭവിക്കാനും ആസ്വദിക്കാനുമൊക്കെയുള്ളതാണെന്നാണ് കരുതുന്നത്.. എന്നാൽ ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ നമുക്കൊരു സത്യം മനസ്സിലാകും. ഇത് നിരന്തരമായ കർമ്മവും കർമ്മഫലങ്ങളായ അനുഭവവും മാത്രമാണെന്ന്. ഇതിലൊന്നും നമുക്കു പൂർണ്ണ സ്വാതന്ത്രമില്ലെന്നും . നാം ജനിച്ച സമയം മുതൽ ഇതങ്ങനെ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. ഏതോ ഒരു ആദൃശ്യ ശക്തിയുടെ പ്രേരണയാലെന്നപോലെ.
നാം ജന്മജന്മാന്തരമായി കർമ്മത്തിലൂടെ ആർജിച്ച കുറെ വാസനകൾ നമ്മുടെ ചിത്തത്തിൽ ശേഖരിച്ചു വെച്ചിട്ടുണ്ട്. ആ വാസനകൾ അവിടെയുള്ളിടത്തോളം കാലം നാം അതനുസരിച്ചുള്ള കർമ്മങ്ങൾ ചെയ്യേണ്ടതുണ്ടു്.നാം മരിക്കുമ്പോൾ ചെയ്തു തീർക്കാത്തതായ വാസനയുടെ ശേഖരമായ ചിത്തമാണ് വീണ്ടും യാത്ര തുടരുന്നതും മറ്റൊരു ജന്മത്തിനു കാരണമായിത്തീരുന്നതും.
ഈ വാസനക്കനുസരിച്ച ജന്മമാണ് നമുക്കു കിട്ടുന്നത്. കൂടുതൽ നല്ല വാസനകൾ ആണെങ്കിൽ നല്ല ജന്മം കിട്ടും. ദുർവാസനകളാണെങ്കിൽ അതിനനുസരിച്ചജന്മവും. ജീവിതത്തിലും നമ്മെ കർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഈ വാസനകൾ തന്നെയാണ്. ഓരോ കർമ്മത്തിനും അതിൻ്റെതായ ഫലവും ഉണ്ടു്. അതാണ് അനുഭവങ്ങളായി നമ്മുടെ നേർക്ക് വരുന്നത്. അതു പ്രകൃതി നിയമമാണ് every action there is an equal and opposite reaction എന്നാണല്ലോ ശാസ്ത്രലോകം തന്നെ പറയുന്നത്. അതു കൊണ്ടു നമ്മുടെ അനുഭവങ്ങൾക്കു നാം ആരെയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്ന നഗ്നസത്യം മനസ്സിലാക്കുക മാത്രമാണ് കരണീയം. ഇന്ന് വരെ നമ്മൾ എങ്ങിനെയൊക്കെയോ ഉള്ള കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്. ഇനി ഒരിക്കലും തിരിച്ചു പോയി നമുക്കത് തിരുത്താനാവില്ല. അതിനാൽ അതനുസരിച്ചുള്ള കർമ്മഫലം അനുഭവമായി വരിക തന്നെ ചെയ്യും. നല്ലതായാലും ചീത്തയായാലും അതനുഭവിച്ചു തന്നെ തീർക്കണം. .അതാണ് നമുക്കു പലതിലും സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞത്. പക്ഷെ ഈ സത്യം മനസ്സിലാക്കിയാൽ ഇനിയുള്ള കർമ്മങ്ങൾ വളരെ വിവേക ബുദ്ധിയോടെ ചെയ്യാൻ സാധിച്ചാൽ അവിടെയാണ് ഒരു വ്യക്തിയുടെ വിജയം. ഈശ്വരാനുഗ്രഹവും…… അതിന് ഒരു വഴിയേ ഉള്ളു. കർമ്മത്തെ കർമ്മയോഗമാക്കി മാററുക. സകല കർമ്മവും ഈശ്വരാർപ്പിതമായി ചെയ്യുക. അവിടെ “അഹം മമ” എന്ന കർത്തൃത്വഭോക്തൃത്വഭാവം ഇല്ലാതായി രാഗദ്വേഷങ്ങൾ പോയി മനസ്സ് പരിശുദ്ധമാകും. പിന്നീടുണ്ടാകുന്ന വാസനകളൊക്കെ സദ് വാസനകൾ മാത്രമാകുമല്ലോ.” ഇതു മാത്രമെ രക്ഷപ്പെടാനൊരു വഴിയുള്ളൂ!!
ഈ അറിവുകളാണ് ഭഗവത് ഗീതയിൽ കൂടി ഭഗവാൻ അർജ്ജുനനു ഉപദേശിക്കുന്നത് .അതുകൊണ്ടു ഭഗവത് ഗീത നമ്മുടെയെല്ലാം ഒരു പഠനവിഷയമാകട്ടെ എന്നാഗ്രഹിക്കുന്നു.. 🙏
പക്ഷെ ഏതു ആത്മാവിനും ആദ്യം ഒരു ജന്മം ഇല്ലേ.. അ ജന്മത്തിൽ എങ്ങനെ അനുഭവങ്ങൾ ക്രമീകരിക്കപ്പെടുന്നു എന്നുള്ള ചോദ്യം ബാക്കി അല്ലേ… എല്ലാ ആത്മക്കളും സമാധിയിൽ എത്തിയാൽ പ്രപഞ്ചം എങ്ങനെ നിലനിൽക്കും?
LikeLike