ഒരു ജീവന് മനുഷ്യ ജന്മം കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ..
എന്ന് പൂന്താനം എന്ന ഭക്ത കവി ജ്ഞാനപ്പാനയിൽ എഴുതിവെച്ചിട്ടുണ്ടല്ലോ. അങ്ങനെയുള്ള സുകൃതികൾക്കേ അറിയുകയുള്ളൂ നാം ഏതെല്ലാം ജന്മങ്ങളിൽ കൂടി കടന്നു വന്നിട്ടാണ് ഒരു സുകൃതം എന്നോണം മനുഷ്യ ജന്മത്തിലേക്ക് എത്തുന്നത് എന്ന്. കല്ലായും പുല്ലായും പൂവായും പുഴുവായും മരമായും മൃഗമായും എല്ലാം പരശ്ശതം ജന്മങ്ങൾക്ക് ശേഷമാണ് നമുക്കൊരു മനുഷ്യശരീരം കിട്ടുന്നത്. അങ്ങനെ കിട്ടുന്ന മനുഷ്യജന്മത്തെ വേണ്ടവിധം കൊണ്ട് നടക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ..??? ഇല്ലായെന്ന് തന്നെ പറയേണ്ടിവരും. ഏതിനും ഈ ജന്മത്തിന്റെ ഉദ്ദേശ്യം എന്തെന്നും ലക്ഷ്യം എന്തെന്നും എല്ലാമുള്ള ദിശാബോധമുള്ള അറിവ് അത്യന്താപേക്ഷിതമാണ്. ഈ അറിവിൻറെ അഭാവമാണ് ഇന്നത്തെ മൂല്യച്യുതിക്ക് കാരണവും. നമ്മുടെ പൂർവികന്മാർ പല പല കൃതികളിൽ കൂടി ഭംഗിയായി നമുക്ക് അത് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ അതിനെയൊന്നും പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള ഒരു സംവിധാനം ഇല്ലാതെ പോയി.
എത്രയോ സുകൃതികൾ നമ്മുടെ കേരളത്തിൽ തന്നെ ഉണ്ടായിരുന്നിട്ടുണ്ട്. ശ്രീശങ്കരാചാര്യ സ്വാമികൾ, നാരായണ ഭട്ടതിരിപ്പാട്, പൂന്താനം നമ്പൂതിരി, തുഞ്ചത്തെഴുത്തച്ഛൻ, ശ്രീ നാരായണ ഗുരു മുതലായവരുടയെല്ലാം കൃതികൾ പ്രചുരപ്രചാരം ഉള്ളവ തന്നെയാണ്. പക്ഷേ അതിന്റെ ഉള്ളടക്കം യഥാർത്ഥ രൂപത്തിൽ മനസ്സിലാകണമെങ്കിൽ ഒരു ഗുരുശിഷ്യ പരമ്പരയിലൂടെ മാത്രമേ സാധിക്കൂ. അങ്ങനെ ഒരു പാഠ്യപദ്ധതി ഗുരുകുലവിദ്യാഭ്യാസം എന്ന രീതിയിൽ പണ്ട് ഉണ്ടായിരുന്നു. അങ്ങനെയുള്ള വിദ്യാഭ്യാസ കാലത്തെ ബ്രഹ്മചര്യാശ്രമം എന്നാണ് പറഞ്ഞിരുന്നത്. അതിൽ കൂടി ഒരു ജീവിതത്തിനു വേണ്ട ഭൗതികവും ആത്മീയവുമായ എല്ലാ അറിവുകളും നേടിയതിനു ശേഷമാണ് ഒരാൾ ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്നത്. അതുകൊണ്ടു തന്നെ ആ ഗൃഹസ്ഥാശ്രമിക്ക് തന്റെ ആ ആശ്രമ ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചിരുന്നു. പണ്ട് രാജാക്കന്മാർ പോലും തന്റെ പുത്രൻമാർ വളർന്ന് കാര്യപ്രാപ്തിയിൽ എത്തി, യുവരാജാവാകാൻ യോഗ്യനായി എന്നു കണ്ടാൽ തൻറെ അധികാരവും രാജ്യവും എല്ലാം തന്നെ അവരെ ഏൽപ്പിച്ച് വാനപ്രസ്ഥത്തിനായ് പോകും. വാനപ്രസ്ഥം എന്നാൽ വനവാസം എന്നാണ് അർത്ഥം. ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് ഭൗതിക സുഖഭോഗങ്ങളെ എല്ലാം ഉപേക്ഷിച്ച് ഈ ജന്മത്തിന്റെ പൂർത്തീകരണത്തിനായി….. സാഫല്യത്തിനായി മനസിനെ പാകപ്പെടുത്തുക എന്നതാണ്. അവർ അതുവരെ നേടിയ സമ്പാദ്യങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചാണ് പോകുന്നത്. ബ്രഹ്മചര്യാശ്രമത്തിലെ അറിവ് മാത്രമാണ് ആശ്രയം. ഈശ്വര പ്രാപ്തിക്കുള്ള ശ്രമമാണത്. അങ്ങനെയുള്ള ജീവിതത്തിൽ കൂടി സന്യാസം എന്ന അവസ്ഥ താനെ സംഭവിക്കുകയും ചെയ്യൂന്നു.
ഓരോ ജീവനും ഇതുപോലെ ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നി നാല് ആശ്രമങ്ങളിൽ കൂടി കടന്നുപോകേണ്ടതുണ്ട്. എങ്കിലേ ആ ജീവിതം പൂർത്തീകരിക്കപ്പെടുന്നുള്ളു.
തുടരും…..