നമ്മുടെ ഭാരതീയ സംസ്കാരം ധർമ്മ ചിന്താധാരയിൽ പ്രതിഷ്ഠിതമാണ് .
ധർമ്മത്തിൽ ജീവിക്കുന്നതിന്റെ ആവശ്യകത , ധാർമ്മികതയിൽ ജീവിച്ചാൽ അതിന്റെ ഗുണം, അധർമ്മത്തിൽ ജീവിച്ചാൽ ഉണ്ടാകുന്ന പതനം, ഇവയെല്ലാം പലപല കഥകളിലൂടെയും
അനുഭവങ്ങളിലൂടെയും നമുക്ക് പറഞ്ഞു തരുന്നു നമ്മുടെ പുരാണങ്ങൾ.
വേദ സംസ്കാരത്തിൽ ഏറ്റവും പ്രധാനമായി പറയുന്നതാണ് ‘സത്യം വദ ധർമ്മം ചര” എന്നത്..
ഈ സത്യത്തിലും ധർമ്മത്തിലും ഊന്നിയാണ് ലോകം തന്നെ നിലനിൽക്കുന്നതു.
നമുക്കറിയാം, നമ്മൾ പല പല ജന്മങ്ങളിലായി ചെയ്തു കൂട്ടിയ കർമ്മങ്ങളുടെ ഫലമായിട്ടാണ്
ഇന്ന് നമുക്ക് ഒരു ജന്മം കിട്ടിയിരിക്കുന്നത്. അത് സുഖം ആയാലും ദുഃഖമായാലും, ഈ ജന്മത്തിലും നാമറിയാതെ തന്നെ പലപല കർമ്മങ്ങളിൽ കൂടി പുണ്യ പാപങ്ങളെ നേടുന്നു. ഓരോ ജീവന്റെയും വാസനയ്ക്ക് അനുസരിച്ചുള്ള കർമ്മ ഫലങ്ങളെ ആ ജീവൻ അനുഭവിക്കുന്നു.
മാത്രമല്ല , വീണ്ടും വീണ്ടും ഉള്ള കർമ്മങ്ങളിൽ കൂടി വീണ്ടും പാപ പുണ്യങ്ങളെ നേടിക്കൊണ്ടിരിക്കുന്നു. ഒരു ജീവൻ എപ്പോഴാണ് ഈ പാപ പുണ്യങ്ങളുടെ ചക്രത്തിൽ നിന്നും മോചനം നേടണം എന്ന് ആഗ്രഹിക്കുന്നത് , ആ നിമിഷം ആ ജീവന്റെ ഭാഗ്യം തെളിയുന്നു.
അത് സത്യത്തിലും ധർമ്മത്തിലും ഊന്നിയ ഒരു ജീവിതത്തിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു.
സത്യത്തിൽ നമ്മളാരും പാപം ചെയ്യുന്നത് അറിഞ്ഞു കൊണ്ടല്ല. ‘അറിവില്ലായ്മ’ കൊണ്ടാണ്
അതുകൊണ്ടുതന്നെ ഈ പാതയിലേക്ക് വരുന്ന ഓരോരുത്തരും അവനവന്റെ അറിവില്ലായ്മയെ അംഗീകരിച്ച് മഹാത്മാരുടെ വാക്കുകളിൽ കൂടി അറിവ് നേടി , ആ പാതയിൽ സഞ്ചരിക്കാൻ ശ്രമിക്കണം.
നമ്മുടേതായ ഓരോ ആചാരത്തിന്റെയും പുറകിൽ ഒരു ധർമ്മത്തിന്റേതായ താത്ത്വിക വശം ഉണ്ടായിരിക്കും .രാവിലെ നിലവിളക്ക് കൊളുത്തുമ്പോൾ മുതൽ തുടങ്ങണം നമ്മുടെ ധർമ്മ ചിന്ത . നിർഭാഗ്യവശാൽ ഒരു ഹിന്ദുവിനും അറിയുന്നില്ല എന്താണ് നിലവിളക്ക് എന്നുപോലും..
നമ്മൾ വിളക്ക് കൊളുത്തുമ്പോൾ ചൊല്ലുന്ന ഒരു മന്ത്രം ഉണ്ട്. ശാസ്ത്രം ഒന്നുമറിയാതെയാണെങ്കിലും നാം അതു ചൊല്ലുന്നുമുണ്ട്. എന്തുകൊണ്ടെന്നാൽ, നമ്മുടെ ഉള്ളിന്റെയുള്ളിൽ നമുക്ക് അറിയാം ഇതൊരു ദൈവീകമായ
കാര്യമാണ് എന്നത്. അതുകൊണ്ടുതന്നെ അത് വളരെ ശുദ്ധിയോടുകൂടി ചെയ്യണം എന്നുള്ളതും. പക്ഷേ അതിന്റെ പുറകിൽ ഉള്ള അറിവ് എന്താണെന്നു നമ്മൾ മനസ്സിലാക്കിയിട്ടില്ല.
വിളക്ക്, പ്രകാശം എന്നെല്ലാം പറഞ്ഞാൽ അത് അറിവാണ്.
ഏതൊന്നു നേടിയാൽ പിന്നീട് വേറെ ഒന്നും നേടേണ്ടയോ ആ അറിവ്. വേദങ്ങളിൽ പറയുന്ന
പരമാർത്ഥ സത്യം അതാണ്. അതാണ് “സത്യം പരം ധീമഹി.”എന്നു പറയുന്നത്.
നിലവിളക്ക് എന്നുപറയുമ്പോൾ നമ്മളെ നിലനിർത്തുന്ന പ്രകാശം, അറിവ് എന്നതാണ്. അതു കൊളുത്തുമ്പോൾ നമ്മൾ ചൊല്ലുന്നതോ ,
ശുഭം കരോതി കല്യാണം
ആയുരാരോഗ്യവർദ്ധനം
ശത്രുബുദ്ധി വിനാശായ
ദീപോജ്യോതി നമോസ്തുതേ ദീപോജ്യോതി പരം ബ്രഹ്മ
ദീപോജ്യോതി ജനാർദ്ദന
ദീപോ ഹരതു മേ പാപം
പ്രാത:ദീപം നമോസ്തുതേ..എന്നു..
ഈ മന്ത്രം എത്രമാത്രം അർത്ഥതലങ്ങൾ ഉള്ളതാണെന്നു ചിന്തിച്ചിട്ടുണ്ടോ.?
ഞാൻ ഈ വിളക്ക് കൊളുത്തുമ്പോൾ സർവ്വശക്തനായ ഭഗവാൻ എന്നെ അറിവിലേക്ക് നയിക്കട്ടെ.. .ആ അറിവ് എന്റെ ജീവനു വേണ്ട ശുഭ അനുഭവങ്ങൾ തരട്ടെ ..! ആയുരാരോഗ്യം തരട്ടെ .! എന്നിലുള്ള ശത്രു ബുദ്ധിയെ നശിപ്പിക്കട്ടെ…!. അതിനായിട്ട് ഞാൻ ഈ ദീപത്തെ, പ്രകാശത്തെ, അറിവിനെ, നമസ്കരിക്കുന്നു .🙏
ദീപോജ്യോതി പരം ബ്രഹ്മ – ഈ ദീപം തന്നെയാണ് ബ്രഹ്മം.
ദീപോ ജ്യോതി ജനാർദ്ദന – ജനാർദ്ദനാ എന്നാൽ ജന (അജ്ഞത)യെ അർദ്ദനം ചെയ്യുന്നത്… ഇല്ലാതാക്കുന്നത്.. ആ ദീപം ‘ഹരതു മേ പാപം’ എന്റെ പാപത്തെ മുഴുവനായിട്ട് നശിപ്പിക്കട്ടെ..
അതിനായിക്കൊണ്ടു പ്രാതകാലത്തു ഞാൻ തെളിക്കുന്ന ഈ ദീപത്തെ നമസ്കരിക്കുന്നു..
എത്ര ഉദാത്തമായ അറിവ്.. ചടങ്ങു…!!!
ഈ അറിവോടുകൂടി നമ്മൾ വിളക്കുകൊളുത്തി ഒരു ദിവസം ആരംഭിച്ചാൽ ആ ജന്മം സുകൃതമായി !
തുടരും..