സനാതന ധർമ്മം – 39 ::
ഭാരതീയ പൗരാണിക ശാസ്ത്രഗ്രന്ഥങ്ങളിൽ ഏതുകാലത്തും വളരെ പ്രസക്തിയുള്ള ഒരു ഗ്രന്ഥമാണ് ഭഗവത്ഗീത…എന്തെന്നാൽ മറ്റുപുരാണങ്ങൾ എല്ലാം ധർമ്മത്തെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം പല മഹാത്മാക്കളും നമുക്കായി എഴുതിവെച്ചിരിക്കുന്നതാണ്..എന്നാൽ ഭഗവത്ഗീത സാക്ഷാൽ ഭഗവാൻതന്നെ നേരിട്ടു ആർജ്‌ജുനനെ പ്രതീകമാക്കിനിർത്തി മാനവരാശിക്ക് നൽകുന്ന വിലപ്പെട്ട ഉപദേശങ്ങൾ ആണ്….ഗീതയിൽ ആകെ 700 ശ്ലോകങ്ങൾ ഉള്ളതിൽ ധൃതരാഷ്ട്രർ ഒരു ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ..(ഒരു ശ്ലോകം)..ബാക്കിയുള്ളതിൽ 40 ശ്ലോകം സഞ്ജയൻ ധൃതരാഷ്ട്രക്കു പറഞ്ഞുകൊടുക്കുന്നതായും 85 ശ്ലോകങ്ങൾ ആർജ്‌ജുനന്റെ പരിദേവനങ്ങളും ചോദ്യങ്ങളും ആയും വരുന്നു…ബാക്കിയുള്ള 574 ശ്ലോകങ്ങളും ഭഗവാന്റെ ഉപദേശങ്ങളാണ്….
മഹാഭാരതത്തിന്റെ ഹൃദയം ആയിട്ടാണ് ഭഗവത്ഗീതയെ ആചാര്യന്മാർ ഉദ്‌ഘോഷിക്കുന്നത്.. അതുകൊണ്ടുതന്നെ മനസ്സിലാക്കാം അതിന്റെ പ്രാധാന്യവും…!!!!
ഇതിൽ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം….എങ്ങനെ കർമ്മങ്ങൾ ചെയ്യണം…എന്തു ഭക്ഷിക്കണം എന്നുതുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ആവശ്യമായ എല്ലാ അറിവുകളും അടങ്ങിയിട്ടുണ്ട്…നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറയുന്നത് “എന്നെ മഹാത്മാവാക്കിയത് ഭഗവത്ഗീതയാണ് ” എന്നാണ്. അതുപോലെ യശശ്ശരീരനായ അബ്ദുൾകലാം ജിയും നമ്മുടെ മെട്രോമാൻ എന്നു പേരുകേട്ട ശ്രീധരൻജിയും എല്ലാം ഈ ഗീതയെ പിന്തുടരുന്നവരാണ്…
ഭഗവാൻ ആദ്യംതന്നെ നമ്മുടെ മനസ്സിനെക്കുറിച്ചും മനോഭാവത്തെക്കുറിച്ചുമാണ് അർജ്‌ജുനനോട് പറയുന്നതു….ഈ ജീവിതമാകുന്ന കുരുക്ഷേത്രഭൂമിയിൽ നിൽക്കുന്ന നമുക്കുംകൂടി വേണ്ടിയുള്ള ആദ്യത്തെ ഉപദേശം…!!!!
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്യം
അകീർത്തികരമർജുന.
ക്ലൈബ്യം മാസ്മ ഗമഃ പാർത്ഥ,!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം
ത്യക് ത്വോത്തിഷ്ഠ പരന്തപ.
(ഭഗവത്ഗീത അദ്ധ്യായം…2..ശ്ലോകം 2 ,3)
വിഷമം വാച്ചൊരിത്തവ്വിൽ
വഷളീമൗഢ്യ,മർജ്ജുന,
യോഗ്യർക്കയുക്തമസ്വർഗ്ഗ്യം
കീർത്തിനായകമായതും.
ആണത്തം വിടൊലാ പാർത്ഥ!
നിന്നി,ലിന്നില മോശമാം
എഴുന്നേൽക്കവെറും മൗഢ്യം
വിട്ടെറിഞ്ഞു പരന്തപ.
(മലയാളഭാഷാ ഗീത)
ഭഗവാൻ പറഞ്ഞു…
ഹേ അർജ്‌ജുനാ….!!! ധീരനായ നീ ഈ ആണും പെണ്ണുമല്ലാത്ത അവസ്ഥയെ പ്രാപിക്കരുത്. ഏത് ശത്രുക്കളേയും യുദ്ധം ചെയ്തു തോൽപ്പിക്കാൻ കഴിവുള്ള നിനക്കിത് യോജിച്ചതല്ല. ഇപ്പോൾ നിന്നെ തളർത്തുന്നത് ശത്രു പക്ഷത്തു നിരന്നു നിൽക്കുന്ന നിന്റെ ഗുരുവോ പിതാമഹനോ മറ്റ് ബന്ധുക്കളോ ആരും അല്ല, മറിച്ച് നിന്റെ തന്നെ ദുർബ്ബലമായ ചിന്തകളാണ്. ഈ യുദ്ധത്തിൽ നീ ഇവരെയൊക്കെ നേരിട്ടേ ഒക്കു. അതിനാൽ നിന്റെ ഈ ദുർബല ചിന്തകളെ എല്ലാം വിട്ട് എഴുന്നേൽക്കു. കർമ്മനിരതനാകു.
കുരുക്ഷേത്ര യുദ്ധം ഒരു ധർമ്മ യുദ്ധമായിരുന്നല്ലോ. യഥാർത്ഥത്തിൽ ഭഗവാൻ ശ്രീ കൃഷ്ണനോ പാണ്ഡവർക്കോ ഒരു യുദ്ധത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. യുദ്ധം ഒഴിവാക്കാൻ അവർ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. എന്നാൽ കൗരവർ ധാർഷ്ട്യത്തോടെ നിലകൊണ്ടപ്പോൾ ഹസ്തിനപുരത്തെ അധർമ്മത്തിൽ നിന്ന് രക്ഷിക്കുക എന്ന ചുമതല പാണ്ഡവർക്ക് വന്നു ചേർന്നു. സ്വധർമ്മത്തേക്കാൾ വലുതാണ് ക്ഷത്രിയർക്ക് രാഷ്ട്രധർമ്മം. ആ ധർമ്മത്തെ കാത്തുരക്ഷിക്കുക എന്ന കർമ്മത്തിൽ ശത്രു നിരയിൽ നിൽക്കുന്ന സ്വജനങ്ങൾക്കോ അവനവനുതന്നെയോ പ്രസക്തിയില്ല. ഈ യുദ്ധം ജയമോ പരാജയമോ ഏത് തന്നെയായാലും നിനക്ക് ശ്രേയസ്‌കരമാണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണിവിടെ ഭഗവാൻ. നമ്മുടെ ജീവിതത്തിലും ഇതു പോലെ ഉള്ള സന്ദർഭങ്ങൾ ഉണ്ടാകും. മനുഷ്യൻ വ്യത്യസ്ത മനോഗുണങ്ങളോട് കൂടിയവർ ആണല്ലോ. അതുകൊണ്ട്തന്നെ ഒരാൾക്ക് ശരി എന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരി ആകണമെന്നില്ല. എല്ലാവരും അവനവനു പ്രിയമായതിനെ മുറുകെ പിടിച്ചുകൊണ്ടിരിക്കും. ആ സമയത്ത് യഥാർത്ഥ ധർമ്മമേത് അധർമ്മമേത് എന്ന് പറഞ്ഞു മനസ്സിലാക്കിത്തരാൻ ഭഗവാനെപ്പോലെ ഒരാളുണ്ടായാൽ മറ്റുള്ളവരുടെ എതിർപ്പുകളുണ്ടെങ്കിലും നമുക്ക് ഹിതമായിട്ടുള്ള കർമ്മം ചെയ്യാനുള്ള ഒരു മനോ ധൈര്യം ഉണ്ടാകും. അത് പിന്നീട് നമുക്ക് ആദരവ് നേടി തരികയും ചെയ്യും. നമ്മുടെ പുരാണ ഗ്രന്ഥങ്ങളൊക്കെ അതിന് നമ്മെ സഹായിക്കുന്നവയുമാണ്.
തുടരും…
നന്നായിരിക്കുന്നു നല്ല വിശകലനം
LikeLike
സനാതനധർമ്മത്തെക്കുറിച്ച് വളരെ ലളിതമായിട്ടുള്ള അവതരണം നന്നാവുന്നുണ്ട്
LikeLike