അഷ്ടാംഗയോഗത്തിലെ ആദ്യത്തെ സാധനയാണ് ‘യമം’. യമം എന്നാൽ പിടിച്ചു വയ്ക്കുക , നിയന്ത്രിക്കുക എന്നൊക്കെയാണർത്ഥം. അതാണ് നമ്മുടെ മരണദേവൻ യമൻ എന്ന പേരിൽ അറിയപ്പെടുന്നത്. നമ്മളെ ബലാൽക്കാരേണ പിടിച്ചുകൊണ്ടുപോകുന്നതല്ലേ.. വാസനയാൽ പ്രേരിതമായാണ് നമ്മുടെ ചിന്തകൾ ഉണ്ടാകുന്നത്… കർമ്മങ്ങൾ ഉണ്ടാകുന്നത്. എന്നാൽ നമ്മൾ ആത്മീയ പാതയിലേക്ക് കടക്കും തോറും നാം ധർമ്മചിന്തകളെ വളർത്തിയെടുക്കാൻ ശ്രമിക്കണം.നമ്മളിൽ ഉയർന്നുവരുന്ന ഓരോ ചിന്തയും ധർമ്മം ആണോ അധർമ്മം ആണോ എന്നു തിരിച്ചറിയണം. ഇങ്ങനെ തിരിച്ചറിഞ്ഞാൽ അധർമ്മം ആയതിനെ പറയാതെയും ചെയ്യാതെയും പിടിച്ചു വയ്ക്കാൻ സാധിക്കും. അതാണ് യമം.അതിന് കുറച്ച് പരിശീലനം തന്നെ ആവശ്യമാണ്. വാസനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ് എളുപ്പം. ഒഴുക്കിനനുസരിച്ച് നീന്താനാണല്ലോ എളുപ്പം… ഒഴുക്കിനെതിരെ നീന്താനല്ലേ പ്രയാസം. അതിനാണ് ശക്തി വേണ്ടത്. അതുപോലെ അധർമ്മം ആയതിനെ , ഉള്ളിൽനിന്ന് പ്രചോദനം ഉണ്ടായാലും അതു കർമ്മങ്ങളിലേക്ക് പോകാതെ പിടിച്ചുനിർത്താൻ കഴിയുമ്പോൾ നമ്മൾ യമം എന്ന സാധന നേടി എന്ന് പറയാം. ഈ യമം പരിശീലിക്കുന്നതോടുകൂടി നമ്മുടെ ഒരുപാട് പാപകർമ്മങ്ങൾ കുറയും. ധാർമ്മികമായി ചെയ്യുന്നതിന് ഒന്നും പാപം എന്ന ഫലമില്ലല്ലോ..അതുകൊണ്ട് ആത്മീയ പാതയിലേക്ക് കടക്കുന്ന ഒരോ സാധകനും അവശ്യം പരിശീലിക്കേണ്ട ഒന്നാണ് ‘യമം.’
അടുത്തതാണ് ‘നിയമം’.
നമ്മൾ ധർമ്മങ്ങളെ കുറിച്ച് പഠിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായി ചെയ്യേണ്ട കർമ്മങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നൈമിത്തിക കർമ്മങ്ങൾ എന്നൊക്കെ പറയുന്നത് ദിവസവും ചെയ്തുപോരുന്ന അനുഷ്ഠാനങ്ങൾ തന്നെ.. രാവിലെ . സൂര്യോദയത്തിനു മുന്നേ ഉണരുക .. അലസത വെടിഞ്ഞ് ദിനചര്യകൾ ചിട്ടയായി ചെയ്യുക, ഇതൊക്കെ നിയമത്തിൽ പെട്ടതാണ്. മാത്രമല്ല ഒരു ജീവൻ പ്രപഞ്ചത്തിലേക്ക് വരുന്നത് അഞ്ച് കടബാധ്യതകളോട് കൂടിയാണ് ആ കടങ്ങൾ തീരാൻ അവയോടുള്ള സേവാ മനോഭാവം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതിനായിട്ടാണ് ഭൂ സേവ, ഗോ സേവ , ദീന സേവ ,മാതൃപിതൃ സേവ ,ജ്ഞാന സേവാ എന്നീ പഞ്ച യജ്ഞങ്ങൾ….
ഭൂമിയിൽനിന്നും നമുക്ക് അത്യാവശ്യമായത് മാത്രം എടുത്തുകൊണ്ട് ഭൂമിയെ മാലിന്യ മുക്തമാക്കി പരിരക്ഷിച്ചു പോരുമ്പോൾ അത് ‘ഭൂസേവ’യായി.
ജന്തുക്കളോടുള്ള കാരുണ്യം ,അവയ്ക്കും നമ്മെപ്പോലെ ഈ ഭൂമിയിൽ യഥേഷ്ടം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞു അവയ്ക്ക് വേണ്ടത് ചെയ്തു കൊടുക്കുക എന്നതൊക്കെയാണ് ‘ഗോ സേവ’.
നമ്മുടെ ചുറ്റും ദീനരായി കഴിയുന്ന കുറെ മനുഷ്യർ ഉണ്ട്. ഈ ലോകത്തിലെ എല്ലാവർക്കും ഒരുപോലെ ബുദ്ധിയോ സാമർത്ഥ്യമോ കഴിവോ ഉണ്ടായി എന്ന് വരില്ല. ബുദ്ധിയും കഴിവുകളുമുള്ളവർ അതുകൊണ്ട് സമ്പത്ത് വർദ്ധിപ്പിക്കുമ്പോൾ അതിന് കഴിവില്ലാതെ ദാരിദ്ര്യത്താലും രോഗങ്ങളാലും കഷ്ടപ്പെടുന്ന ഒരു വിഭാഗം മനുഷ്യർ നമ്മുടെ ചുറ്റും ഉണ്ടെന്നത് മറക്കാതിരിക്കണം. അവരോട് കാരുണ്യത്തോടു കൂടിയുള്ള പെരുമാറ്റം കൊണ്ടും സഹായഹസ്തം നീട്ടി കൈ പിടിച്ച് ഉയർത്തെഴുന്നേൽപ്പിച്ചും കൂടെ നിർത്തുമ്പോൾ അത് ‘ദീനസേവ’ യായി. ‘മാനവസേവ’ തന്നെ ‘മാധവസേവ’ എന്നു കേട്ടിട്ടുണ്ടല്ലോ
ഇനി ‘മാതൃപിതൃ സേവ’.. നമുക്ക് ഒരു ജന്മം തന്നു ഈ ഭൂമിയിലേക്ക് കൊണ്ടുവന്നതു അച്ഛനമ്മമാരാണ്. നമ്മുടെ ബാല്യകൗമാര കാലത്തു വേണ്ടവണ്ണം വാത്സല്യവും പരിരക്ഷയും തന്നു വളർത്തിക്കൊണ്ടുവന്ന ആ അച്ഛനമ്മമാരെ അവരുടെ വാർധക്യ സമയത്ത് സന്തോഷിപ്പിക്കാനും പരിരക്ഷിക്കാനും ഉള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ട് . അവരെ മാത്രമല്ല , നമ്മുടെ സമൂഹത്തിൽ ഉള്ള വൃദ്ധജനങ്ങളെ മുഴുവനും ബഹുമാനിക്കാനും സഹായിക്കാനും അവർക്ക് താങ്ങും തണലുമായി നിൽക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അതാണ് ‘മാതൃപിതൃ സേവാ’.
അവസാനമായി ‘ജ്ഞാനസേവ’.. ഗുരുപരമ്പരകളായി കൈമാറി കിട്ടുന്ന ഈ വക ജ്ഞാനത്തെ നമ്മുക്ക് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടുന്ന ഉത്തരവാദിത്വം ഉണ്ട്. അത് നേരാംവണ്ണം നടക്കാത്തത് കൊണ്ടാണ് ഈ ധർമ്മ ചിന്തകൾക്ക് കാലംകൊണ്ട് ച്യുതി വന്നത്. ഇനിയും അങ്ങനെ വരരുത്…നാം നേടുന്ന ജ്ഞാനം അടുത്ത തലമുറയ്ക്ക് പങ്കു വെച്ചു കൊടുക്കുക തന്നെ വേണം. അപ്പോൾ മാത്രമേ ഋഷി പരമ്പര സന്തോഷിക്കുകയുള്ളൂ.നമ്മുടെ കടം വീടുകയുള്ളൂ..
ഇതൊക്കെ നിയമത്തിൽ പെട്ടതാണ്. ഈ യമനിയമങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമ്മുടെ പാപങ്ങളെ കുറയ്ക്കാൻ സാധിക്കും. പുണ്യങ്ങളെ കൂട്ടാൻ സാധിക്കും.. ഈ പാപപുണ്യങ്ങൾ ആണല്ലോ നമ്മുടെ വരുംകാല അനുഭവങ്ങൾക്കും ജന്മത്തിനു തന്നെയും കാരണമായിരിക്കുന്നത്. അതുകൊണ്ട് ഈ യമ നിയമങ്ങൾ ആത്മീയ പാതയിൽ വരുന്ന ഓരോരുത്തരും ശ്രദ്ധയോടുകൂടി ആചരിക്കേണ്ടതാണ്.
കുടുംബത്തിലും സമൂഹത്തിലും വ്യക്തി തല ബന്ധങ്ങൾ ബഹുമാനം (തന്നിൽ മുതിർന്നവരോട്),മൈത്രി (സമപ്രായക്കാരോട്),കാരുണ്യം (തന്നിൽ പ്രായം കുറഞ്ഞവരോട്) ഉപേക്ഷ(ചേർന്നു പോകാൻ ബുദ്ധിമുട്ടുള്ളവരോട്) ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിച്ചാൽ ആരോടും വിദ്വേഷം ഇല്ലാതെ ജീവിക്കാൻ സാധിക്കും…
തുടരും..