സനാതന ധർമ്മം…18 ::
സാത്വിക ഗുണ പ്രധാനികളെ കുറിച്ച് പറഞ്ഞുകഴിഞ്ഞുവല്ലോ. അവരുടെ ഗുണങ്ങൾ….സാത്വിക …രാജസിക….. താമസിക..ക്രമത്തിലാണ്.. ഇനി രജോഗുണമാണ് ഒരുവനിൽ ഉയർന്നു നിൽക്കുന്നതെങ്കിൽ അവരെ ക്ഷത്രിയ ഗണത്തിൽപ്പെടുത്തുന്നു.അവർക്ക് രാജസിക….സാത്വിക …താമസിക ക്രമത്തിൽ ആണ് ഗുണങ്ങൾ.. അവർ ക്ഷത്രിയ സ്വഭാവമേ പ്രകടമാക്കൂ. രാജാക്കന്മാർ, സർക്കാർ ഭരണാധികാരികൾ ഇവരൊക്കെ ഈ ഗണത്തിൽ പെടും. അവരുടെ സ്വഭാവ വൈശിഷ്ട്യം എന്താണെന്ന് നോക്കാം. ഗീതയിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ശൗര്യം തേജോ ധൃതിർദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കർമ സ്വഭാവജം
(ഗീത അദ്ധ്യായം 18 ശ്ലോകം 43)
ധൈര്യമായോധനസ്ഥൈര്യം
ശൗര്യവീര്യപരാക്രമം
ഔദാര്യം, സ്വാമിയാം ഭാവം
ക്ഷത്രിയർക്കും സ്വഭാവജം.
(മലയാളഭാഷാ ഗീത)
ശൗര്യം, തേജസ്, ധൃതി, ജാഗ്രത, യുദ്ധത്തിൽ പേടിച്ചോടായ്ക, ദാനം, പ്രഭുത്വം, ഇവയെല്ലാം സ്വാഭാവികമായും ക്ഷത്രിയ ഗുണമുള്ളവരുടെ സ്വഭാവമത്രേ.
ജീവിതത്തിലെ വെല്ലുവിളികളെ നേരിടുമ്പോൾ പ്രകടമാകുന്ന മനോവീര്യവും, സ്ഥൈര്യവുമാണ് ശൗര്യം, തേജസ്സ് എന്നിവ. ഇത് മറ്റുള്ളവരെ നിയന്ത്രിക്കാനുളള കരുത്തു തരുന്നു.
ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം നിശ്ചയ ദാർഢ്യമാണ് ധൃതി. ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ ഏതു പ്രതിബന്ധങ്ങളെയും തട്ടിമാറ്റി വിജയം കൈവരിക്കാനുള്ള ദൃഢനിശ്ചയം. അതാണ് ധൃതി.
ഏതു സാഹചര്യത്തിലും ഒരു തീരുമാനം എടുക്കുവാനും അതു നടപ്പാക്കാനുമുള്ള ജാഗ്രതയാണ് ദാക്ഷ്യം.
പൊതുജന നന്മയ്ക്കായി ഉദാരമായി ധനം ചിലവഴിക്കുന്നതാണ് ദാനം. ധന സഹായം ആവശ്യമുള്ളവർക്കു അനുകമ്പയോടെ ദാനം ചെയ്യുമ്പോൾ രാജാവും, ഭരണാധികാരികളും എല്ലാം പ്രശംസക്കു പാത്രമാവുന്നു.
തികഞ്ഞ ആത്മവിശ്വാസമാണ് പ്രഭുത്വം അഥവാ ഈശ്വരഭാവം. ഒരു ക്ഷത്രിയന് ചുറ്റുപാടും പ്രജ്ജ്വലമാക്കി തീർക്കാൻ ഈ ഭാവം കൂടിയേ തീരൂ. നേതാവിന് ആത്മവിശ്വാസം ഉണ്ടെങ്കിലേ അനുയായികൾക്ക് ഉത്സാഹം ഉണ്ടാകൂ.
ഈ ധർമ്മങ്ങളെല്ലാം ഉള്ളവരാണ് ക്ഷത്രിയർ അഥവാ ക്ഷത്രിയർ ഈ ഗുണങ്ങൾ എല്ലാം വളർത്തി എടുക്കണം എന്ന് സാരം..