പ്രത്യാഹാരവും ധാരണയുമാണ് അടുത്ത രണ്ട് സാധനകൾ.
പ്രത്യാഹാരം എന്ന് പറഞ്ഞാൽ മനനം ചെയ്യുക എന്നതാണ്. ആത്മീയതയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യപടിയായി നാം സ്വയം നിരീക്ഷണം നടത്തുവാൻ തയ്യാറാകണം. ആദ്യത്തെ യമ നിയമങ്ങൾ ആസനം പ്രാണായാമം ഇവകൊണ്ടൊക്കെ നാം അതിനു സജ്ജരായിത്തീരും. നമ്മുടെ ഓരോ ചിന്തകളെയും പ്രവർത്തികളെയും എല്ലാം സസൂക്ഷ്മം നിരീക്ഷണം ചെയ്തത് ധർമ്മം ഏത് അധർമ്മം ഏത് എന്ന് തിരിച്ചറിഞ്ഞ് ധർമ്മമല്ലാത്തതിനെ ഉപേക്ഷിക്കാനും ധാർമ്മികതയിൽ കൂടുതൽ വ്യാപരിക്കാനും സാധിക്കുമ്പോൾ നമ്മുടെ കർമ്മങ്ങളിൽ ശുദ്ധി വരും. അതുപോലെ തന്നെ നമുക്ക് വരുന്ന ഓരോ അനുഭവങ്ങളേയും സസൂക്ഷ്മം നിരീക്ഷിക്കുവാൻ പഠിക്കണം.
കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാവില്ല. അപ്പോൾ ഓരോ കാര്യത്തിനും അതിന്റെ പുറകിലുള്ള കാരണത്തെ മനസ്സിലാക്കി എടുക്കാൻ സാധിച്ചാൽ നമ്മുടെ തന്നെ തെറ്റുകളെ തിരിച്ചറിഞ്ഞു തിരുത്തുവാൻ സാധിക്കും..ആരും തെറ്റുകൾക്ക് അതീതരല്ല..അറിവില്ലായ്മയാണ് നമ്മെ പല തെറ്റിലേക്കും നയിക്കുന്നത്..എന്നാൽ നാം നമ്മുടെ ചിന്തകളെ..പ്രവൃത്തികളെ വിശകലനം ചെയ്യുംതോറും നമ്മുടെ തെറ്റുകൾ സ്വയം മനസ്സിലാക്കാനും തിരുത്താനും സാധിക്കുന്നു..അതിനാണ് സത്സംഗങ്ങൾ..ഈശ്വരനിലേക്കു അടുപ്പിക്കുന്നത് മാത്രേ സത്സംഗമാകുന്നുള്ളൂ.നമ്മുടെ പുരാണങ്ങളും ഇതു വ്യക്തമാക്കിതരുന്നു. പല അനുഭവങ്ങളും, ദുഃഖങ്ങൾ ആണെങ്കിൽ പോലും അതിനെ സസൂക്ഷ്മം പരിശോധിച്ചാൽ അതിന്റെ പുറകിൽ ഭഗവാന്റെ ഒരു കാരുണ്യം നമുക്ക് കാണാൻ സാധിക്കും.
ഇങ്ങനെ ജീവിതത്തിലെ ഓരോ പാതയിലും ഈശ്വരസാന്നിധ്യം തിരിച്ചറിയാൻ സാധിച്ചാൽ
അതൊരു വലിയ സാധനയായി തന്നെ മാറും. അതാണ് പ്രത്യാഹാരം.
പ്രത്യാഹാരത്തിൽ നിന്നുമാണ് ശരിയായ ധാരണ നമ്മളിൽ ഉടലെടുക്കുന്നത്.
അപ്പോൾ പ്രത്യാഹാരവും ധാരണയും ഒന്നിച്ചു കൊണ്ടുപോകേണ്ടതാണ് എന്നു മനസ്സിലാകും. ഈ രണ്ടു സാധനകളും നമ്മുടെ ദുർവാസനകളെ മാറ്റിയെടുക്കാൻ സഹായിക്കുന്നു..മനസ്സും ശുദ്ധമാക്കുന്നു.
ശുദ്ധമായ മനസ്സേ ധ്യാനത്തിന് സജ്ജമാകൂ..
തുടരും..