അഷ്ടാംഗ യോഗത്തിലെ അവസാനത്തെ രണ്ട് സാധനകളാണ് ധ്യാനവും , സമാധിയും.
ധ്യാനം എന്നത് നമ്മുടെ മനസ്സിനെ അനന്തശക്തിയായ ഭഗവാനോട് ബന്ധിപ്പിക്കുന്നതാണ്. യഥാർത്ഥ ധ്യാനം സാധ്യമാകണമെങ്കിൽ നമ്മുടെ ശരീരവും മനസ്സും അതിനു സജ്ജമാകണം.
അവയെ അതിനു സജ്ജമാക്കാനാണ് മുൻപ് പറഞ്ഞ ആറു സാധനകളും. ഈ സാധനകളിൽ കൂടി ശരീരം സ്വസ്ഥമായും മനസ്സ് ശാന്തമായും ഇരിക്കുമ്പോൾ മാത്രമേ ധ്യാനം
സാധ്യമാകൂ.. അതിനായി പ്രയത്നിച്ചിട്ട് കാര്യവും ഉള്ളൂ.
ധ്യാനത്തിൽ നമ്മൾ നമ്മിലെ ഈശ്വരീയ ശക്തിയിലേക്ക് മനസ്സിനെ ബന്ധിപ്പിക്കുകയാണെന്ന് പറഞ്ഞുവല്ലോ. ഈ ശക്തി എന്നു പറയുന്നത് വളരെ സൂക്ഷ്മമാണ്. ആ സൂക്ഷ്മതയെ ഗ്രഹിക്കാൻ മനസ്സിനു വളരെ ബുദ്ധിമുട്ടാണ്.ശബ്ദരൂപങ്ങളിൽ കൂടി മാത്രമേ മനസ്സിന് എന്തിനെയെങ്കിലും ഗ്രഹിക്കാനൊക്കൂ. ഇത് അറിയാവുന്ന ഋഷീശ്വരന്മാർ നമുക്ക് ആ ശക്തികളെയെല്ലാം
ഓരോ ദേവതാ രൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു തന്നിരിക്കുന്നു. ധ്യാനത്തിൽ നമുക്ക് ഇഷ്ടമുള്ള ഒരു രൂപത്തെ മനസ്സിൽ കണ്ടു ആ രൂപത്തിൽ മനസ്സിനെ അലിയി പ്പിക്കാൻ സാധിക്കുമ്പോൾ യഥാർത്ഥത്തിൽ ആ ശക്തിയിലേക്ക് തന്നെയാണ് മനസ്സ് അലിഞ്ഞു ചേരുന്നത്.
അതിനായിട്ടാണ് നമ്മുടെ ആചാര്യന്മാർ ഭഗവാന്റെ ഒരു രൂപത്തെ ശിരസ്സു മുതൽ പാദം വരെ , പാദം മുതൽ ശിരസ്സ് വരെ ഓരോരോ അംഗങ്ങളും അലങ്കാരങ്ങളും എല്ലാം കണ്ടു മനസ്സതിൽ സമർപ്പിക്കുവാൻ പറയുന്നത്. ആ സമയം മനസ്സ് മറ്റെല്ലാ ചിന്തകളും വിട്ട് ഭഗവദ്രൂപത്തിൽ ലയിക്കും. രൂപത്തിൽ മനസ്സു അർപ്പിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ നമുക്കറിയാം , ഇത് മുഴുവനും നമ്മുടെ ഉള്ളിലുള്ള ശക്തിയാണ് എന്നു. ആ ശക്തിയിലേക്കാണ് നമ്മുടെ മനസ്സ് അർപ്പിക്കപ്പെടുന്നത്. ഈ സാധന കൊണ്ടു ക്രമേണ നമ്മളിൽ ആ ശക്തി പ്രബലമായി കാണുവാനാകും. അതുകൊണ്ടാണ് ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത് ,ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തി യം യോഗിനോ….എന്നു.
ഇന്നു ശാസ്ത്രജ്ഞൻമാർ പരീക്ഷണനിരീക്ഷണങ്ങളിൽകൂടിയുംപല പല ഉപകരണങ്ങളിൽ കൂടിയും തെളിയിച്ചിരിക്കുന്ന സത്യം മുഴുവനും നമ്മുടെ പൂർവ്വികരായ ഋഷീശ്വരന്മാർ ധ്യാനാവസ്ഥയിൽ അവരുടെ ബുദ്ധിയിൽ തെളിഞ്ഞുകണ്ടു പറഞ്ഞിരിക്കുന്ന താണ്. മനസ്സ് ശാന്തമായി കഴിഞ്ഞാൽ ആ മനസ്സ് മുഴുവനും ഈശ്വരചൈതന്യമുള്ളതാകും. ആ ഈശ്വരചൈതന്യത്തിൽ എന്തെല്ലാം അറിവുകളുണ്ടോ അതെല്ലാം ഈ മനസ്സിലും തെളിഞ്ഞുവരും. അങ്ങനെ ധ്യാനത്തിൽ കൂടി നമ്മൾ ‘സമാധി’ എന്ന അവസ്ഥയിലുമെത്തും. ഈ സമാധി അവസ്ഥയാണ് നാം ജീവിതത്തിൽ നേടേണ്ട പരമമായ ലക്ഷ്യം.
‘ സമാധി’ എന്ന് പറഞ്ഞാൽ സമബുദ്ധി.ദ്വന്ദങ്ങൾ ഇല്ലാത്ത സമബുദ്ധി.സുഖം , ദുഃഖം , മാനം , അപമാനം അങ്ങനെയുള്ള യാതൊരുവിധ ദ്വന്ദങ്ങളും ഇല്ലാതെ എല്ലാത്തിനെയും സമഭാവനയോടെ കാണാനും എല്ലാം ഈശ്വരന്റെ തന്നെ അംശമായി ഗ്രഹിക്കാനും സാധിക്കുന്നതായ അവസ്ഥ. സാധാരണക്കാർക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണത്. എങ്കിലും നമ്മുടെ ഋഷീശ്വരന്മാർ എത്തിച്ചേർന്ന അവസ്‌ഥയാണ്. അവരുടെ ജീവിതത്തിൽകൂടി തെളിയിച്ചതും. അങ്ങനെ ഒരു അവസ്ഥ ഉണ്ടെന്നും നമുക്കൊക്കെ എത്തിച്ചേരാൻ സാധിക്കുമെന്നും , അങ്ങനെ എത്തിക്കഴിഞ്ഞാൽ പിന്നെ അവിടെ ജനന-മരണങ്ങൾ ഇല്ല , ശാന്തിയും സമാധാനവും ആനന്ദവും മാത്രമേ ഉള്ളൂ എന്നും മനസ്സിയിലാക്കുമ്പോൾ നാം ശരിയായ ജീവിത ലക്ഷ്യത്തിലേക്കു നടന്നടുക്കും..
അഷ്ടാംഗ യോഗത്തിൽ കൂടി നമുക്ക് ഏവർക്കും ആ സമാധി അവസ്ഥയെ ലക്ഷ്യംവെച്ച് ജീവിച്ച് , ആ അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
തുടരും.