അഷ്‌ടാംഗയോഗത്തിലെ അടുത്ത രണ്ട് സാധനകളാണ് ആസനം , പ്രാണായാമം എന്നിവ.
ആസനം എന്നാൽ യോഗാസനങ്ങൾ. നമ്മുടെ ഋഷീശ്വരന്മാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഒരു ജീവിതം
സ്തുത്യർഹമായി ജീവിച്ചു തീർക്കാൻ സാധിക്കുകയുള്ളൂ എന്നത്. അതിനു വേണ്ട കാര്യങ്ങൾ എല്ലാം അവർ കണ്ടുപിടിച്ചിരുന്നു. ശരീരത്തിന്റെ ആരോഗ്യത്തിനായിട്ടായിരുന്നു
യോഗാസനങ്ങൾ. ഇന്നത്തെ പോലെ വെറുതെ ജിമ്മിൽ പോയി നടത്തുന്ന വ്യായാമമല്ലാ അതു.
യോഗാസനങ്ങൾ മനസ്സിനെയും ശരീരത്തിനേയും ബുദ്ധിയെയും ഏകോപിച്ചു കൊണ്ടുവരുന്ന ഒരു സാധനയാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് ആരോഗ്യം കിട്ടുന്നതിനോടൊപ്പം
മാനസികമായുള്ള ഏകാഗ്രതയും അതിൽ നിന്ന് നേടാൻ സാധിക്കും. അങ്ങനെ ദിവസവും
യോഗാഭ്യാസം പരിശീലിക്കുന്നതോടുകൂടി ശാരീരികമായ ഊർജ്ജസ്വലതയും ആരോഗ്യവും നേടുന്നതിനൊപ്പം മാനസികമായൊരു ഉണർവും നേടുന്നു.
അടുത്തത് പ്രാണായാമം..
ഒരു പ്രത്യേക രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നതാണ് പ്രാണായാമം. ഒരു താളത്തിൽ ശ്വാസമെടുത്തു അതിനെ ഉള്ളിൽ കുറച്ചുസമയം പിടിച്ചുനിർത്തുകയും അതുപോലെ ഒരു താളക്രമത്തിൽ ശ്വാസം പുറത്തേക്കു വിട്ടു അവിടെയും കുറച്ചു സമയം ശ്വാസം പിടിച്ചു വെക്കുകയും ചെയ്യുന്നതാണ് പ്രാണായാമം. ശ്വാസം ഉള്ളിൽ നിറച്ചു പിടിച്ചുവെക്കുന്നതിനെ കുംഭകം എന്നും ശ്വാസം മുഴുവനും പുറത്തേക്കു വിട്ടു കുറച്ചു സമയം ആ ശ്വാസം പിടിച്ചു വെക്കുമ്പോൾ അതിനെ രേചകം എന്നും പറയുന്നു. പ്രാണവായു നിറച്ചുവെക്കുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ആന്തരിക അവയവങ്ങളിലേക്കും ധാരാളമായി ഓക്സിജൻ ഒഴുകിയെത്തുന്നു. അതുപോലെ ശ്വാസകോശം കാലിയാക്കി പിടിച്ചു നിർത്തുമ്പോൾ ശരീരത്തിനുള്ളിലെ മലിനവായു മുഴുവനായും പുറംതള്ളപ്പെടുന്നു.ഇതു നമ്മുടെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം ശ്വാസകോശങ്ങളുടെ ശക്തിയും കൂട്ടും. നമ്മുടെ ശ്വാസകോശത്തിന്റെ ഏതാണ്ട് 30 ശതമാനം മാത്രമേ നാം സാധാരണ ശ്വാസോച്ഛ്വാസത്തിൽ ഉപയോഗപ്പെടുത്തുന്നുള്ളൂ.ഒരു ഉപരിതലത്തിലുള്ള ശ്വസനമാണ് സാധാരണ നടത്തിക്കൊണ്ടിരിക്കുന്നത്. കുറച്ചു ശ്രദ്ധയോടുകൂടി ഇങ്ങനെ ദീർഘ ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴാണ് നമ്മുടെ ശ്വാസകോശം കൂടുതൽ വികസിക്കുന്നതും ശരീരത്തിലേക്ക് കൂടുതലായി പ്രാണവായു പ്രവേശിക്കുന്നതും. പ്രാണവായു കൂടുതലായിട്ട് ഉള്ളിലേക്ക് ചെല്ലുംതോറും ഉള്ളിലുള്ള എല്ലാ അവയവങ്ങൾക്കും ആരോഗ്യവും ഊർജ്ജസ്വലതയും
കൂടി വരും എന്നുമാത്രമല്ല, നമ്മുടെ ഉള്ളിൽ നിന്ന് നെഗറ്റീവ്സ് ചിന്തകൾ പതുക്കെ പതുക്കെ അകന്നു പോകുന്നത് നമുക്ക് തന്നെ കാണാനും സാധിക്കും. അങ്ങനെ സ്ഥിരമായി പ്രാണായാമം ചെയ്തുകൊണ്ടിരിക്കുമ്പോൾ പലപല ചിന്തകളിലും ദുഃഖങ്ങളിലും ഉഴറി നടന്ന മനസ്സു അതിൽനിന്നും മുക്തമായി സാവധാനം ശാന്തമാകാൻ തുടങ്ങും. ചിന്തകൾ കുറഞ്ഞ ശാന്തമായ മനസ്സിലേ സദ് ഭാവനകൾ ഉണ്ടാകൂ. ശുദ്ധ മനസ്സിന് മാത്രമേ ഈശ്വരനെ അറിയാനും സാധിക്കൂ..
അതുകൊണ്ട്തന്നെ ആത്മീയ പാതയിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും യോഗാഭ്യാസവും പ്രാണായാമവും ചിട്ടയായി പരിശീലിക്കേണ്ടതാണ്..
തുടരും..