കഴിഞ്ഞ ദിവസം കേൾക്കാനിടയായ ഒരു വാർത്തയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ അത് പ്രകാരം പഠിക്കാൻ വേണ്ട സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്ത ഒരു പാവം പത്താം ക്ലാസുകാരി ഹൃദയം നൊന്തു മരണത്തെ വരിച്ചു എന്നത്..
നാം പറയുന്നു വിദ്യാഭ്യാസം എന്നത് അറിവ് നേടലാണ് എന്നു. അതാണല്ലോ നമ്മുടെ പരമലക്ഷ്യവും.എന്തെന്നാൽ “വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്ന് നാം പറയുന്നു. ഈ അറിവാണ് ഏറ്റവും വലിയ ധനം , ശ്രേഷ്ഠമായത് എന്നൊക്കെ ആണെങ്കിൽ അത് പകർന്നുതരുന്ന അദ്ധ്യാപകർ അതിലും ശ്രേഷ്ഠതയുള്ളവർ ആകേണ്ടേ ..?? അതുപോലെ ഈ അറിവുകൾ പകർന്നുകൊടുക്കാനായി മാത്രം ഉടലെടുത്ത വിദ്യാലയങ്ങൾ അതിലും ശ്രേഷ്ഠമായതാകേ ണ്ടേ..? എന്നാൽ ഇന്നത്തെ അദ്ധ്യാപകർക്കും വിദ്യാലയങ്ങൾക്കും ഇപ്പറയുന്ന ശ്രേഷ്ഠതയിലേക്ക് ഉയരാൻ സാധിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. മൂല്യാധിഷ്ഠിതം ആകുമ്പോഴാണ് എല്ലാം ശ്രേഷ്ഠ തരമാകുന്നത്. അങ്ങനെ ശ്രേഷ്ഠമായ മൂല്യങ്ങളുള്ള ഒരു സ്കൂളിൽ ആണ് ഞാൻ ആദ്യം സൂചിപ്പിച്ച കുട്ടി പഠിച്ചിരുന്നത് എങ്കിൽ അവൾക്ക് ഈ മരണത്തെ പുൽകേണ്ടി വരില്ലായിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
വിദ്യാഭ്യാസം ഒരിക്കലും സമ്പന്നർക്ക് വേണ്ടി മാത്രം ഉള്ളതല്ലല്ലോ. ഈ ഒരു അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ ഓൺലൈൻ ആയി പഠിപ്പ് ആരംഭിക്കുന്നു എങ്കിൽ അത് പഠിക്കാൻ പാകത്തിന് എല്ലാ വിദ്യാർത്ഥികളും സജ്ജമാണോ എന്ന് അന്വേഷിക്കേണ്ട
ഉത്തരവാദിത്ത്വം സ്കൂൾ അധികൃതർക്ക് ഉണ്ടാകേണ്ടേ.. സൗകര്യം ഇല്ലാത്തവർക്ക് അതിനുള്ള സംവിധാനം ചെയ്തു കൊടുക്കേണ്ടതല്ലേ..? ഇവിടെ പ്രത്യേകിച്ചും പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി …അവളുടെ നിർണായകമായ പത്താം ക്ലാസ്.. ഓൺലൈൻ പഠിക്കാനുള്ള സൗകര്യം തനിക്ക് ഇല്ലല്ലോ എന്ന് ആലോചിച്ച് ആ പിഞ്ചു മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും..?
ഇവിടെയാണ് നമ്മുടെ പൂർവികർ പറഞ്ഞു വെച്ചിരിക്കുന്ന , ഓരോ മനുഷ്യനും അവശ്യം അനുഷ്ഠിക്കേണ്ട പഞ്ചയജ്ഞങ്ങൾക്കും അതിലെ ‘ദീന സേവ’ എന്ന യജ്ഞത്തിനും പ്രസക്തി ഉണ്ടാകുന്നത്. ദീനരായ കുട്ടികളുണ്ടെങ്കിൽ അവരെക്കൂടി ഇതിലേക്ക് പ്രാപ്തരാക്കിക്കേണ്ട ചുമതല ആ സ്കൂളിനുണ്ട്… അധ്യാപകർക്കുണ്ട്… അവർ ഉൾപ്പെട്ട സമൂഹത്തിനുണ്ട് …
ഇവ കൃത്യമായി നിറവേറ്റപ്പെടുമ്പോളാണ് അവിടം മൂല്യാധിഷ്ഠിതം ആകുന്നത്. അതുകൊണ്ട് തന്നെ അവളുടെ മരണത്തിന് നാമോരോരുത്തരും കാരണക്കാരാണ്…
ഇതൊരു വശം.. ഇനി മറ്റൊരു വശം പറഞ്ഞാൽ പത്താം ക്ലാസ് വരെ പഠിച്ചിട്ടു അവൾ എന്തറിവ് നേടി ..?ഒരു പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള മന:ശക്തി ഉണ്ടായോ..? അത് അവളുടെ അദ്ധ്യാപകർക്കോ മാതാപിതാക്കൾക്കോ സമൂഹത്തിനോ ഉണ്ടാക്കി കൊടുക്കാൻ സാധിച്ചോ..?? പിന്നെ എങ്ങനെ നമ്മുടെ ഈ വിദ്യാഭ്യാസരംഗം ശ്രേഷ്ഠം എന്ന് പറയും..??
പുല്ലായും പുഴുവായും മരമായും മൃഗമായും എല്ലാം ജന്മം കിട്ടിയതിനു ശേഷമാണ് നമുക്ക്
ഈ വിശേഷപ്പെട്ട മനുഷ്യജന്മം കിട്ടുന്നത്. അത് ഈശ്വരന്റെ വരദാനമാണ്.. അതുകൊണ്ടുതന്നെ ഏത് പ്രതിസന്ധിഘട്ടത്തിലും ഈ ജീവനെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണ് . ഈ വക അറിവ് ഒക്കെ അവൾക്ക് ലഭിച്ചിരുന്നെങ്കിൽ ആ വിഷമഘട്ടത്തെ അവൾ ധൈര്യപൂർവം നേരിടുമായിരുന്നു. ഈ അറിവാണ് യഥാർത്ഥ അറിവ്..
#തിരിച്ചറിവ്..
ഈ അറിവിനെയാണ് ശ്രേഷ്ഠമായ ധനം എന്നു നമ്മുടെ പൂർവികർ പറഞ്ഞു വെച്ചിരിക്കുന്നതു.. അല്ലാതെ നാമിന്ന് വാലുപോലെ നമ്മുടെ പേരിനോട് ചേർത്ത് വെക്കുന്ന ഡിഗ്രികൾ അല്ല .. അവർക്കറിയാം അവനവനെ കൂടി അറിയുമ്പോൾ മാത്രമേ ഏതൊരറിവും പൂർണമാകൂ എന്ന്.. അതുതന്നെയാണ് ജീവിതത്തിന്റെ അറിവും.
ഇതെല്ലാം ഭാരതീയ സംസ്കാരത്തിൽ ലിഖിതപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ് .
ഇങ്ങനെയുള്ള തിരിച്ചറിവന്റെ പാഠം ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസരീതി
നമുക്കെന്നു ഉണ്ടാകുമോ ആവോ…??? പ്രതീക്ഷയോടെ കാത്തിരിക്കാം….അല്ലേ…!!!!
സർവം കൃഷ്ണാർപ്പണമസ്‌തു…!!!!