ലോകത്തിലുള്ള എല്ലാവരും ഒരുപോലെ ബുദ്ധിയും ശക്തിയും കഴിവും ആരോഗ്യവും എല്ലാം ഉള്ളവരല്ല. ഈ ഗുണങ്ങളെല്ലാം തികഞ്ഞവരായി വളരെ കുറച്ചുപേരെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. പലരിലും ഈ കഴിവുകൾ കൂടിയും കുറഞ്ഞുമിരിക്കും. ഇനി ഒരു കഴിവും ഇല്ലാതെ വളരെ ദീനരായുള്ളവരെയും നമുക്ക് കാണാം. അങ്ങനെയുള്ളവരെ ഇന്ന് ലോകം വളരെ അവജ്ഞയോടെയാണ് നോക്കി ക്കാണുന്നത്.. നമ്മുടെ ആചാര്യന്മാർ പറയുന്നു, ക്ഷേത്രത്തിലുള്ള വിഗ്രഹത്തിൽ പാലൊഴിച്ച് അഭിഷേകം ചെയ്യുമ്പോഴും ഭഗവാൻ സന്തോഷിക്കുന്നുണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ ദീനനായ ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ.. സഹായങ്ങൾ കൊടുത്തു സന്തോഷിപ്പിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി ഭഗവാന്റേത് തന്നെയാണ് എന്ന്…. തന്നിലും മറ്റുള്ളവരിലും എല്ലാം കുടികൊള്ളുന്നത് ഒരേ ചൈതന്യം ആണെന്ന് അറിയുന്ന ഒരു ആത്മജ്ഞാനിക്കു മാത്രമേ അതു തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
ഭാഗവതത്തിൽ കംസന്റെ രാജധാനിയിലേക്ക് കുറി കൂട്ടുമായി പോകുന്ന ത്രിവക്രയായ ‘കുബ്ജ’ എന്ന സ്ത്രീയെ ഭഗവാൻ സുന്ദരി എന്ന് വിളിച്ച് അവളുടെ വളവു മാറ്റി കൊടുത്തു അനുഗ്രഹിക്കുന്ന ഒരു കഥയുണ്ട്. അതുപോലെ നരകാസുരന്റെ പിടിയിൽ നിന്നും മോചിപ്പിച്ച സ്ത്രീകളെ സ്വന്തം രാജ്ഞി പദം നൽകി അന്തപ്പുരത്തിൽ താമസിക്കുമ്പോൾ ദീനരോടുള്ള ഭഗവാന്റെ വാത്സല്യമാണ് ഇതിൽക്കൂടിയെല്ലാം പ്രകടമാക്കി തരുന്നത്. നമ്മളും ആ പങ്കുവെക്കൽ സംസ്കാരം വളർത്തി കൊണ്ടു വരുമ്പോളാണ് യഥാർത്ഥ ഭക്തരായി തീരുന്നത്.
ഒരു നിർധന യുവതിയുടെ വിവാഹം, അനാഥ ബാലരുടെ വിദ്യാഭ്യാസം ഇവയെല്ലാം അവരുൾപ്പെടുന്ന സമൂഹത്തിന്റെ തന്നെ കടമയായി ഏറ്റെടുത്തു നടത്തുമ്പോൾ ഒരു ഭഗവത് പൂജ തന്നെയാണ് അവിടെ നടക്കുന്നത്. വിവേകാനന്ദസ്വാമികളുടെ വാക്കുകളിൽ പറഞ്ഞാൽ “മാനവസേവ തന്നെ മാധവസേവ”… ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ കുറഞ്ഞു വന്നിരിക്കുകയാണ് ഈ പങ്കുവെക്കൽ സംസ്കാരം..ഇനി അഥവാ അങ്ങനെ ചെയ്യുമെങ്കിൽ തന്നെ അത് പേരിനും പ്രശസ്തിക്കുമായി അധഃപതിച്ചിരിക്കുന്നു.ഈ പ്രവണത മാറിയെ തീരൂ.. .സഹജീവികളോടുള്ള നമ്മുടെ മനോഭാവം തന്നെ മാറണം.. പൂർവികർ അനുശാസിക്കുന്ന ആ നല്ല സംസ്കാരത്തിലേക്കു നാം ഉയർന്നേ മതിയാകൂ..
തുടരും..