നമ്മുടെ പൂർവികർ പണ്ട് ജീവിച്ചിരുന്നത് ഒരു യജ്ഞ സംസ്കാരത്തിലായിരുന്നു. അവരുടെ നിത്യനിദാന കർമ്മങ്ങൾ എല്ലാം തന്നെ യജ്ഞത്തിൽ അധിഷ്ഠിതമായിരുന്നു. അതായത് അവരുടെ ജീവ സന്ധാനത്തിന് ഏതെല്ലാം ആളുകൾ.. വസ്തുക്കൾ.. ഉപകരിക്കുന്നുവോ അവയ്ക്കെല്ലാം തന്നെ പ്രത്യുപകാരവും ചെയ്തു ജീവിക്കുന്ന ഒരു ജീവിതം. പ്രത്യുപകാരം ചെയ്യാത്ത ജീവിതം ഋണബാധ്യതകൾ ഉണ്ടാക്കും എന്നും അതു തങ്ങളെ വീണ്ടും വീണ്ടും ഉള്ള ജന്മങ്ങളിലേക്ക് നയിക്കും എന്നും അവർക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ധർമ്മത്തിൽ ഊന്നിയ ഒരു യജ്ഞകർമ്മ സംസ്കാരത്തിലാണ് അവർ ജീവിച്ചിരുന്നത്. അവരുടെ ജീവിതത്തിലെ അഞ്ച് പ്രധാന യജ്ഞങ്ങൾ ആയിരുന്നു “ഗോ സേവ” ..”ഭൂസേവ”… “ദീനസേവ”… “മാതൃപിതൃ സേവാ” “ജ്ഞാനസേവ” എന്നിവ.
#ഗോസേവ
മൃഗങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് നമ്മുടെ പൂർവികർ പശുക്കളെ കണ്ടിരുന്നത്. ഗോമാതാവ് എന്നാണവർ പറഞ്ഞിരുന്നത് തന്നെ. അന്നത്തെ സമ്പത്തും പശുക്കൾ ആയിരുന്നു.ദാനം കൊടുത്തിരുന്നതും പശുക്കളെയായിരുന്നു.. നാം ഇപ്പോഴും പശുദാനം നടത്തുന്നുണ്ട്..ചില യജ്ഞങ്ങളുടെ ഭാഗമായി..ഇതെല്ലാം അതിന്റെ ശ്രേഷ്ഠതയെ ചൂണ്ടിക്കാണിക്കുന്നു.. പൂർവികർ അതിനെ ഒരു മൃഗം എന്നു കാണുന്നതിലുപരി ജീവിതത്തിന് ഒരു മാതൃകയായി കൂടി കണക്കാക്കിയിരുന്നു. എന്തെന്നാൽ പശുക്കൾ വളരെ നിസ്സാരമായ പുല്ലും വൈക്കോലും കഴിച്ചിട്ട് വളരെയധികം പോഷകമൂല്യമുള്ള പാലാണല്ലോ നമുക്ക് തരുന്നത്. അതിന്റെ മലമൂത്രവിസർജനം പോലും ഔഷധഗുണം ഉള്ളവയാണ്. അതുപോലെ നമ്മുടെ പൂർവ്വികരും ലോകത്തിൽ നിന്നും നിസ്സാരമായതിനെ മാത്രം എടുത്ത് ശ്രേഷ്ഠമായവയെ കൊടുക്കുന്നവർ ആയിരുന്നു.ആ ഉൽകൃഷ്ടത ഏവർക്കും വെളുപ്പെടുത്തി കൊടുക്കാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്വന്തം ജീവിതത്തിൽ ഗോപാലനായി ഗോപൻമാരോടൊത്തു ലീലയാടിയത്. ഭഗവാന്റെ ഓരോ ലീലയും നമുക്കുള്ള ഓരോ സന്ദേശങ്ങളാണ്. എന്നാൽ ഇന്ന് നമ്മൾ അത് എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്നും പാലിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
നാം നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടി എല്ലാ മൃഗങ്ങളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. മൃഗങ്ങൾ പോലും അവയുടെ ആഹാരത്തിനു വേണ്ടി മാത്രമേ മറ്റൊരു മൃഗത്തെ കൊല്ലുകയുള്ളു. എന്നാൽ മനുഷ്യൻ ആകട്ടെ അവന്റെ സ്വാർത്ഥമായ വിനോദത്തിനു വേണ്ടി പോലും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ മറ്റ് മൃഗങ്ങളെ കൊന്നൊടുക്കുന്നു.
ഇതെല്ലാം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യനെ പോലെ തന്നെ മറ്റു മൃഗങ്ങൾക്കും ഭൂമിയിൽ യഥേഷ്ടം ജീവിക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്നുള്ള തിരിച്ചറിവാണ് ഇന്നത്തെ മനുഷ്യന് വേണ്ടത്..
തുടരും..