എന്തുകൊണ്ട് മനുഷ്യജന്മം മറ്റു ജന്മങ്ങളിൽ വെച്ച് ശ്രേഷ്ഠജന്മം ആണെന്ന് പറയുന്നു …????
പലതരം സൃഷ്ടികൾ നടത്തിയിട്ടും ബ്രഹ്‌മാവിനു സന്തോഷം ഉണ്ടായില്ല. ഒടുവിൽ മനുഷ്യനെ സൃഷ്ടിച്ചു. അപ്പോൾ ബ്രഹ്മാവു സന്തുഷ്ടനായി. കാരണം, ബ്രഹ്‌മാവലോകനത്തിന്
സമർത്ഥമായ ജന്മമാണ് മനുഷ്യന്റെത്.. മറ്റു സൃഷ്ടികളെല്ലാം തന്റെ വാസനയ്ക്ക് അനുസരിച്ചുളള ജീവിതം തുടരുമ്പോൾ മനുഷ്യനു മാത്രമേ തന്റെ വാസനാ സഞ്ജയങ്ങളായ ചിന്താധാരയെ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി മാറ്റി ശ്രേഷ്ഠമായ ഒരു തലത്തിലേക്ക് ഉയർത്താനും ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനും സാധിക്കുകയുള്ളൂ. എന്നാൽ അതിനും ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്ന് ശ്രീ ശങ്കരാചാര്യസ്വാമികൾ വിവേകചൂഢാമണി എന്ന ഗ്രന്ഥത്തിൽ പറഞ്ഞു വെച്ചിരിക്കുന്നു.
ദുർല്ലഭം ത്രയമേവൈതത്
ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷ സംശ്രയ:
എന്താണ് ഇതിനർത്ഥം..?? ഒരു ജീവന് നരജന്മം കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.ഇനി അങ്ങനെ ഒരു മനുഷ്യജന്മം കിട്ടി എന്നിരിക്കട്ടെ, അതിലും മനുഷ്യത്വമുള്ളവർ വളരെ വിരളമാണെന്നു കാണാം. അത് മനസ്സിലാവണമെങ്കിൽ ഇന്നത്തെ സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മാത്രം മതി. പലരെയും കാണുമ്പോൾ നമ്മൾതന്നെ പറയാറില്ലേ മനുഷ്യത്വമില്ലാത്ത കൂട്ടർ എന്ന്. അത്രമാത്രം അധഃപതിച്ച ചിന്താഗതിയോട് കൂടിയവർ…!!!
ഇക്കൂട്ടർക്ക് സഹജീവികളോടുള്ള സ്നേഹമോ ദയയോ അനുകമ്പയോ ഒന്നുമുണ്ടാവില്ല. ഇവരെ ഇരുകാലികൾ ആയി ജീവിക്കുന്ന മൃഗങ്ങൾ എന്ന് പറയുന്നതിൽ അത്ഭുതപ്പെടാനില്ല. ഇന്നത്തെ പീഡന കഥകളുടെ പുറകിൽ ഇക്കൂട്ടരെ ധാരാളമായി കാണാം.ഇനി അഥവാ മനുഷ്യത്വവും ദീനാനുകമ്പയും ഒക്കെ ഉള്ളവരാണ് എന്നിരിക്കട്ടെ, എങ്കിലും എനിക്ക് മുമുക്ഷുത്വം വേണം എന്ന ഒരു ചിന്ത ഉള്ളവർ അതിലും വിരളമാണെന്നു കാണാം. മോക്ഷം വേണമെന്നു തോന്നണമെങ്കിൽ നമുക്ക് നമ്മെ കുറിച്ച് തന്നെ ഒരു ബോധം ഉണ്ടാകണം. ഇങ്ങനെ ആത്മബോധം ഉള്ളയാൾ തന്റെ ഉയർച്ചയ്ക്കായി ഒരു ഗുരുവിനെ സമീപിക്കുന്നു.ഇത്തരം മഹാ പുരുഷന്മാരുമായുള്ള സത്സംഗത്തിൽ കൂടി തന്റെ മനസ്സിനെ മോക്ഷ പദവിയിലേക്ക് ഉയർത്താൻ അയാൾക്ക് സാധിക്കുന്നു.
എന്നാൽ ഭാഗവതം പറയുന്നു സത്സംഗ ഭാഗ്യം എന്നത് അത്ര എളുപ്പമായ കാര്യമല്ല..
ഭാഗ്യോദയേന ബഹുജന്മ സമാർജ്ജിതേന
സൽസംഗമം ച ലഭതേ പുരുഷോ യദാ വൈ
അജ്ഞാനഹേതുകൃതമോഹമദാന്ധകാര-
നാശം വിധായ ഹി തദോദയതേ വിവേക:
(ഭാഗവതമാഹാത്മ്യം 2;76)
അനേക ജന്മങ്ങളിൽ ആർജ്ജിച്ച പുണ്യം കൊണ്ടു മാത്രമേ ഒരുവന് സത്സംഗ ഭാഗ്യം കിട്ടുകയുള്ളൂ. ആ സൽസംഗ ശ്രവണത്തിൽ കൂടി ഗുരുകൃപയാൽ അവന്റെ അജ്ഞാനം നീങ്ങി വിവേകം ഉദിക്കുന്നു. ഈ നിലയിലേക്കു ഒരാൾ ഉയരണം എങ്കിൽ പല ജന്മങ്ങളിലായി ചെയ്ത പുണ്യപ്രവർത്തികളാൽ ഉണ്ടായ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമേ സാധ്യമാകൂ….എന്നു..
തുടരും..