ഭാരതം സത്യാന്വേഷികളുടെ നാടാണ്. അതായത് ആത്മാന്വേഷകരുടെ നാട്. ഭാരതം എന്ന പേരിന് അർത്ഥംതന്നെ അതാണ്.. ‘ഭാ’ എന്നാൽ പ്രകാശം, അറിവ് …. അതിൽ രതിയുള്ള രാജ്യം ഭാരതം. ആ അറിവിൽ രമിക്കുന്നവൻ ഭാരതീയനും. എത്ര അർത്ഥവത്തായ നാമം. അതുകൊണ്ടുതന്നെ നമ്മുടെ ഭാരതം അറിവിന്റെ നാടാണ്, വേദങ്ങളുടെ നാടാണ് എന്നു അഭിമാനപുരസ്സരം നമുക്ക് പറയാം.
നമ്മുടെ വേദങ്ങളിൽ പ്രതിപാദിക്കാത്ത ഒരു വിഷയവും ഇല്ലതന്നെ. നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ശ്രീമദ് ഭാഗവതം അതിന്റെ അർത്ഥത്തോട് കൂടി കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായത് 60 വയസ്സിന് ശേഷമാണ്. അന്ന് എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയ ഒരു ഭാഗമാണ് ഭൂഗോളവർണ്ണന. അതുപോലെ ലോകത്തിലെ സപ്തദ്വീപ്, സപ്തസാഗരങ്ങൾ ഇവയുടെ എല്ലാം വർണ്ണനയും. ഏതാണ്ട് ആയിരത്തിൽപ്പരം വർഷങ്ങൾക്ക് മുൻപ് ഒരു പാശ്ചാത്യശാസ്ത്രജ്ഞനാണ് ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതെന്ന് ഞാൻ സ്കൂളിൽ പഠിച്ചത് ഓർത്തുപോയി. ഭാഗവതമാവട്ടെ അയ്യായിരത്തിൽപ്പരം വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ടതും. നമ്മുടെ സനാതനധർമ്മ ശാസ്ത്രഗ്രന്ഥങ്ങളിൽ ഈ അറിവുകൾ എല്ലാം എത്രയോ സഹസ്രാബ്ദങ്ങൾക്ക് മുൻപ്തന്നെ എഴുതപ്പെട്ടിരിക്കുന്നു…!!! നിർഭാഗ്യവശാൽ പിന്നീട് വന്ന തലമുറയിൽ പലരും അതൊന്നും ശരിയാംവണ്ണം മനസിലാക്കാനോ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനോ പ്രാപ്തിയില്ലാത്തവരായി എന്നു വേണം അനുമാനിക്കാൻ. ഈ ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. ആയിരത്താണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ മറ്റു വിദേശശക്തികളുടെ ആധിപത്യം ഭാരതത്തിലുണ്ടായപ്പോൾ ഈ സംസ്കൃതഭാഷയ്ക്ക് ച്യുതിയും വന്നു. അതും ഈ ശാസ്ത്ര ഗ്രന്ഥങ്ങളുടെ സ്വാധീനം കുറയാൻ കാരണമായേക്കാം.
ശ്രീമദ് ഭാഗവതത്തിൽ തന്നെ ശ്രീ കൃഷ്ണ പരമാത്മാവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം കലിയുഗം ആരംഭിക്കുമെന്നും അതിന്റെ സവിശേഷതകൾ ഏതുവിധത്തിൽ ആയിരിക്കുമെന്നുമെല്ലാം വിവരിച്ചുവെച്ചിട്ടുണ്ട്. സത്യം, ശൗചം, ദയ, ദാനം എന്നിങ്ങനെയുള്ള നാലു കാലുകളോട് കൂടിയ ഒരു കാളയുടെ രുപത്തിലാണ് ഇതിൽ ധർമ്മത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ സത്യമെന്ന ഒരു കാലൊഴിച്ച് മറ്റ് മൂന്ന് കാലും കലിയൊടിക്കുമെന്നും പറഞ്ഞിരിക്കുന്നു…. എത്ര വാസ്തവം…!!! നാം ഇന്ന് ചുറ്റും കാണുന്നതും അതുതന്നെയല്ലേ !. ആരോക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും ‘സത്യം’ എന്നും സത്യമായിത്തന്നെ നിലനിൽക്കും.അതിനൊരിക്കലും ച്യുതി വരില്ല.. പക്ഷേ ധർമ്മത്തിന് നിലനിൽക്കണമെങ്കിൽ മറ്റ് മൂന്നുകാലുകളും കൂടി വേണമല്ലോ. ‘ശൗചം’ അതായത് ശുചിത്വം മനുഷ്യരുടെ ചിന്തകളിൽ ഇല്ലാതായതാണ് ഇന്ന് കാണുന്ന അഴിമതിയുടെ അതിപ്രസരത്തിന് കാരണം. അതുപോലെതന്നെ നമ്മുടെ നാട്ടിലെ പീഡന കഥകൾ അനിയന്ത്രിതയായ് വളരുമ്പോൾ ‘ദയ’ എന്ന വാക്കിന്റെ പ്രസക്തി എവിടെപ്പോയി എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ദാനത്തിന്റെ കാര്യവും അങ്ങനെതന്നെ. മനുഷ്യൻ സ്വാർത്ഥതയുടെ പാരമ്യതയിൽ എത്തിനിൽക്കുമ്പോൾ, സഹജീവികളിലുള്ള കാരുണ്യത്തോടും സ്നേഹത്തോടും കൂടിയുള്ള ദാനം എവിടെ നടക്കുന്നു…? ഇനി അഥവാ ആരെങ്കിലും ദാനം ചെയ്യുന്നെങ്കിൽ തന്നെ അത് പേരിനും പ്രശസ്തിക്കും മാത്രമായിരിക്കും.
ധാർമ്മികമായൊരു ജീവിതത്തിന് നമ്മുടെ ഈ ശാസ്ത്രഗ്രന്ഥങ്ങളുടെയെല്ലാം പഠനം നമ്മെ സഹായിക്കും.
തുടരും…