ഞാനീ ഭാരതത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. പ്രത്യേകിച്ചും ഹിന്ദു ആയതിൽ. ഒരു ഹിന്ദു ആയത് കൊണ്ടാണ് ഈ ഭാരതീയ സംസ്കാരത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും മനസിലാക്കാനും സാധിച്ചത്. ഒരു മനുഷ്യ മനസിന്റെ സംസ്കരണമാണ് ഈ ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളിൽ കൂടി നടക്കുന്നത് എന്നാണ് എനിക്ക് കിട്ടിയ തിരിച്ചറിവ്. അതിൽ ഹിന്ദുക്കൾ എന്നോ അന്യമതസ്ഥർ എന്നോ ഒരു വിവേചനവും ഇല്ല. ഇവയിലെല്ലാം തന്നെ പ്രതിപാദ്യവിഷയം മനുഷ്യമനസ്സും ഈശ്വരനും പ്രകൃതിയും മാത്രമാണ്.
പുരാണേതിഹാസങ്ങളിൽ ദേവാസുര യുദ്ധത്തേക്കുറിച്ച് പറയുന്നുണ്ട്. ആരാണ് ഈ ദേവാസുരൻമാർ…?? അതും മനുഷ്യമനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ്. അടിസ്ഥാനപരമായി മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ വസ്തുക്കൾ കൊണ്ടാണ്. അതായത് പഞ്ചഭൂതങ്ങളാണ് ഈ സൃഷ്ടിക്ക് ആധാരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം… ..എല്ലാവരുടെ ശരീരവും പുഷ്ടിപ്പെടുന്നത് ഭൂമിയിൽ നിന്നും കിട്ടുന്ന ആഹാരപദാർത്ഥങ്ങൾ കൊണ്ടു…എല്ലാവരും ശ്വസിക്കുന്നത് ഒരേ വായു….അതുപോലെ ജലവും…എല്ലാവരുടെയും ശരീരത്തിലെ ചൂട്(അഗ്നി) അന്തരീക്ഷ ഊഷ്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു.പിന്നെ എവിടെയാണ് വ്യത്യാസം…?
മനുഷ്യർ ഒന്നിനൊന്ന് വ്യത്യസ്തരാകുന്നത് അവരുടെ സ്വഭാവം ഒന്നുകൊണ്ടു മാത്രമാണെന്ന് നമുക്ക് ചിന്തിച്ചാൽ മനസിലാവും. അതുകൊണ്ട് തന്നെ ദൈവീക ചിന്തകൾ….സാത്വിക ചിന്തകൾ കൂടുതൽ ഉള്ളവർ ദേവന്മാരും ആസുരിക സ്വഭാവമുള്ളവർ അസുരൻമാരും ആയി തീരുന്നു… ഭഗവത് ഗീതയിൽ (16 – 5) പറയുന്നു. ദൈവീ സമ്പത്ത് മോക്ഷത്തിനും ആസുരീ സമ്പത്ത് ബന്ധനത്തിനും കാരണമാവുന്നൂ എന്ന്.. എന്നിട്ട് ഭഗവാൻ കൂട്ടിച്ചേർക്കുന്നു, അർജ്ജുനാ.. നീ ദൈവീസമ്പത്തോട് കൂടിയവൻ ആണ് അതുകൊണ്ട് നീ വിഷമിക്കണ്ടാ എന്നും. അർജ്ജുനൻ ധർമ്മത്തിന്റെ പക്ഷത്താണ്. പാണ്ഡവർ ധർമ്മത്തിന്റെയും കൗരവർ അധർമ്മത്തിന്റെയും പ്രതീകങ്ങളാണല്ലോ. എന്തൊക്കെ സംഭവിച്ചാലും ധർമ്മത്തിനാവും ആത്യന്തിക വിജയം. അതാണ് പ്രകൃതി നിയമം.
പുരാണങ്ങളിലെല്ലാം തന്നെ ഭഗവാൻ നിഗ്രഹിക്കുന്നത് അസുരൻമാരെയാണ്. എന്താണ് ഇതിനർത്ഥം…?? നമ്മുടെ ഉള്ളിലെ ഈശ്വരീയ ഭാവം കൊണ്ടു നമ്മളിൽ തന്നെയുള്ള ആസുരികഭാവത്തെ നശിപ്പിക്കണം. എത്ര ഉദാത്തമായ ആശയങ്ങളാണ്… ഇവയെല്ലാം തന്നെ മനസ്സിന്റെ വിക്രിയകളെ സ്വയം വിലയിരുത്തി, ‘കളയേണ്ടത് കളഞ്ഞും, കൊള്ളേണ്ടത് കൊണ്ടും’ പടിപടിയായി പവിത്രമായ മോക്ഷ പദവിയിലേക്ക് ഉയരാൻ നമ്മെ സഹായിക്കുന്നവയാണ്. അതിനുള്ള അറിവുകളാണ് ഈ ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലടങ്ങിയിരിക്കുന്നത്…
തുടരും…