ശബരിമല യാത്രാ – വ്രതാചരണത്തിൻ്റെ ഗുണവശങ്ങൾ [44]

കാലങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിനുള്ള ചിട്ടവട്ടങ്ങൾ രൂപപ്പെടുത്തുമ്പോൾ അവിടത്തെ സ്ഥിതിഗതികളും അന്തരീക്ഷവും ഇന്നത്തെപോലെ ആയിരുന്നില്ല. വന്യമൃഗങ്ങൾ യഥേഷ്ടം വാഴുന്ന ഭയാനകമായ കാട്ടിൽ കൂടി മലകൾ താണ്ടിയുള്ള യാത്ര…. നടക്കുവാൻ ഒറ്റയടിപ്പാത മാത്രം… ആഹാരത്തിനു വേണ്ട സാധനങ്ങൾ ഇരുമുടി കെട്ടിനൊപ്പം ഏറ്റി കാൽനട യാത്രയിൽ സൗകര്യം കിട്ടുന്നിടത്ത് അടുപ്പ്കൂട്ടി ഇതൊക്കെ പാകം ചെയ്‍തു കഴിച്ചിരുന്ന കാലം.

വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടം കൂട്ടമായി ഉറക്കെ ശരണം വിളിച്ചു കൊണ്ടാണ് ഭക്തർ പോയിരുന്നത്. ഒരു വീട്ടിൽ നിന്ന് ഒരാളെ പോകുന്നുള്ളൂ എങ്കിലും ആ വീട്ടുകാർ മുഴുവൻ ഈ വ്രതത്തിൽ തന്നെയായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾ… അവർ വളരെ ഭക്തിയോടെ വ്രതശുദ്ധിയോടെ ആയിരുന്നു തന്റെ അച്ഛനോ, ഭർത്താവിനോ, മക്കൾക്കോ .. ആർക്കായാലും ആഹാരം പാകം ചെയ്‍തു കൊടുത്തിരുന്നത്.

നമ്മൾ ഒരു സാത്വിക ജീവിതരീതി പരിശീലിച്ചു വന്നാൽ 41 ദിവസം ആകുമ്പോഴേക്കും നമ്മൾ ശരിയായ ഒരു സാത്വിക ഭാവത്തിലേക്ക് എത്തിയിരിക്കും.അതിനാണ് ഈ 41 ദിവസത്തെ…. ഒരു മണ്ഡലകാലത്തെ വ്രതാചരണം. എത്ര കുത്തഴിഞ്ഞ ജീവിതം നയിച്ചയാളായാലും വളരെ ചിട്ടയും ഭക്തിസാന്ദ്രവുമായ ഈ ഒരു ജീവിതരീതി ശീലിക്കുമ്പോൾ അയാളുടെ മനസ്സിന് താനേ ഒരു മാറ്റം സംഭവിച്ചിരിക്കും.

ഇങ്ങനെ സാത്വികമായ ജീവിത ശൈലിയിൽക്കൂടി ആർജ്ജിച്ച ഊർജ്ജസ്വലതയോടെ ദുർഘടമായ വന്യ മൃഗങ്ങൾ നിറഞ്ഞ, ഭയാനകമായ വനത്തിൽ കൂടി മല കയറുമ്പോൾ അയാളുടെ മനസ്സിൽ ഭഗവാനും നാവിൽ ഭഗവത് നാമവും മാത്രമേ ഉണ്ടായിരിക്കു. അങ്ങനെ മലമുകളിൽ ചെന്ന് ഭഗവാനെ ദർശിച്ചു വരുമ്പോൾ അവിടെ എഴുതിവെച്ചിരിക്കുന്ന ‘തത്വമസി’ എന്ന ആപ്തവാക്യം അയാളിൽ ഉറക്കുകയും ചെയ്യും. നമ്മുടെ പൂർവ്വികർ വിഭാവനം ചെയ്ത ഈ രീതിയിൽ ഒരാൾ ശബരിമല ദർശനം കഴിച്ചാൽ ആ ഒരൊറ്റ യാത്രയോട് കൂടി തന്നെ അയാൾ ആത്മസാക്ഷാത് ക്കാരം നേടിയിരിക്കും.

എന്നാൽ ഇന്ന് നമ്മുടെ സ്വാർത്ഥ സുഖഭോഗ ചിന്തകളും ദീർഘവീക്ഷണമില്ലാത്ത വികസന പ്രവർത്തനങ്ങളും എല്ലാം ഇതിനെ ആകെ താളം തെറ്റിച്ചു. കാട് നാടാക്കി ഇന്റർനെറ്റ്‌ വരെയുള്ള സുഖസൗകര്യങ്ങൾ ഏർപ്പെടുത്തിയപ്പോൾ അവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി എന്ന് പറയാനേ കഴിയൂ. അതുകൊണ്ട് തന്നെ കഠിനമായ വ്രതത്തിന്റെ ആവശ്യകതയും ഇല്ലാതായി എന്നുപറയാം.

ഇതിൽ നിന്നും ഇനിയൊരു തിരിച്ചു വരവ് അസാദ്ധ്യമാണ്. എങ്കിലും ആത്മാർത്ഥമായി ആത്മീയ പുരോഗതി ആഗ്രഹിച്ചു ശബരിമലക്ക് പോകുന്നവർ 41 ദിവസത്തെ ശുദ്ധമായ വ്രതാചരണത്തോടെ ഈ സൗകര്യങ്ങളിൽ നിന്നെല്ലാം മനസ്സിനെ വേർതിരിച്ചു ഭഗവത് സ്മരണയിൽ മാത്രം നിർത്തി അയ്യപ്പ ദർശനം കഴിച്ചു വന്നാൽ അവർക്ക് കുറെയൊക്കെ ശ്രേയസ്സിന്റെ പാതയിലേക്ക് ഉയരാൻ സാധിക്കും. അങ്ങനെയുള്ള ഉത്തമ ഭക്തന്മാരെ അയ്യപ്പസ്വാമി അതിനായി അനുഗ്രഹിക്കട്ടെ….!!!!

(Picture Courtesy : https://www.tripadvisor.in/LocationPhotoDirectLink-g1367697-d1367651-i90236928-Sabarimala_Sri_Dharmasastha_Temple-Pathanamthitta_Pathanamthitta_Distric.html)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s