സനാതനധർമ്മം – 37 ::
നാം എല്ലാവരും തന്നെ നടക്കുന്ന ഓരോ പ്രപഞ്ചമാണ്. എന്തെന്നാൽ ഈ പ്രപഞ്ചത്തെ പ്രപഞ്ചശക്തിയാക്കി തീർത്തതാരോ അത് തന്നെയാണ് നമ്മെ നാം ആക്കിതീർത്തിരിക്കുന്നതും. പ്രപഞ്ചത്തിലുള്ള ഓരോ കണികയും അംശവും നമ്മിലുമുണ്ട്. അതുകൊണ്ട്തന്നെ ഈശ്വരനെ അറിയാൻ നാം പുറത്തു എങ്ങും അലയേണ്ടതില്ല. നമ്മിലേക്ക് തന്നെ ഒന്ന് സഞ്ചരിച്ചാൽ മതി. നാം ലോകത്തിലെ അത്ഭുതങ്ങൾ എന്ന് പറഞ്ഞു പലതും കാണാൻ പോകുന്നു. അതൊക്കെ മനുഷ്യ നിർമ്മിതവും ആണ്. എന്നാൽ നമ്മുടെ ഉള്ളിലേക്കൊന്നു ശ്രദ്ധിച്ചു നോക്കൂ. നമ്മുടെ മനസ്സിനും ബുദ്ധിക്കും എത്തിചേരാൻ കൂടി സാധിക്കാത്ത എത്ര എത്ര അത്ഭുതങ്ങൾ നമുക്ക് കാണാം. ഉദാഹരണത്തിന് നാം കഴിക്കുന്ന ആഹാരം അത് വായിൽ എത്തിയാൽ ആമാശയത്തിലെത്തി ദഹിക്കുന്നത് വരെ എവിടെ വെച്ചൊക്കെ എന്തൊക്കെ തരം എൻസൈമുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതുപോലെ ദഹിപ്പിച്ച ആഹാരത്തിൽ നിന്നുള്ള സത്തിന്റെ ഒരു ഭാഗം സ്ഥൂലമായ ശരീര നിർമ്മിതിക്ക് എടുക്കുന്നു.കുറച്ചു രക്തമായി മാറുന്നു. അതിന്റെ സൂക്ഷ്മാംശം മനസ്സായി മാറുന്നു. വേണ്ടതെല്ലാം എടുത്തതിനു ശേഷം വേണ്ടാത്തതിനെ മലമൂത്ര വിസർജ്ജനങ്ങളായി പുറത്ത് തള്ളുന്നു. ഇതിലെല്ലാം നമുക്ക് എന്ത് ആധിപത്യമാണുള്ളത്…..? ഇതുപോലെ തന്നെയല്ലേ മറ്റ് അവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരൾ, ഗർഭപാത്രം തുടങ്ങിയവയുടെയും പ്രവർത്തനങ്ങൾ.. നമ്മുടെ അറിവോ…. നിയന്ത്രണമോ ഇല്ലാതെ തന്നെ…. ഇതിനെയെല്ലാം സസൂക്ഷ്മമായി വിശകലനം ചെയ്‌താൽ നമുക്ക് മനസ്സിലാകും ഇതിനെല്ലാം പുറകിൽ ഒരറിവ്..ഒരു നിയമം.. ഒരു താളം ഇതെല്ലാം ഉണ്ടെന്ന്.
ശരീരം പ്രകൃതിയാണ്. പ്രകൃതിയെല്ലാം തന്നെ ജഡവസ്തുവുമാണ്. അതിനു സ്വയം പ്രവർത്തിക്കുവാനുള്ള അറിവോ, വേണ്ട നിയമമോ ഒരു താളക്രമമോ ഒന്നും ഉണ്ടാകില്ലെന്നുമറിയാം. അത് കൊണ്ട് തന്നെയാണ് മരിച്ച ഒരു ശരീരം… സ്ഥൂല ഭാഗങ്ങളെല്ലാം അവിടെതന്നെ ഉണ്ടെങ്കിലും ചലനമറ്റതായിരിക്കുന്നത്. അപ്പോൾ ശരീരത്തെ അതുവരെ ചലനാത്മകമാക്കി നിർത്തിയ ഒരു ചൈതന്യം അഥവാ ബോധം.. അവിടെ ഇല്ലെന്നർത്ഥം. ഈ ബോധത്തിലാണ് എല്ലാ അറിവും, നിയമവും താളവും ഒക്കെ നിലനിൽക്കുന്നത്. വേദങ്ങൾ ഉദ്‌ഘോഷിപ്പിക്കുന്നതും ഇത് തന്നെയാണ്. ഈ ബോധത്തെ സമഷ്ടിതലത്തിൽ (പ്രപഞ്ചതലത്തിൽ ) ബ്രഹ്മമെന്നും, വ്യഷ്ടി തലത്തിൽ (വ്യക്തി തലത്തിൽ ) ഈശ്വരനെന്നും എല്ലാം പറയുന്നു.
ഞാനിതൊക്കെ എഴുതുമ്പോഴും ഇതെല്ലാം വെറും അറിവുകൾ മാത്രമാണ്….. ഞാനൊരു സാധാരണക്കാരി മാത്രമാണ്… എന്നാൽ നിരന്തര സാധനയിൽ കൂടി, ഈശ്വര കൃപയാൽ, ഗുരുവിന്റെ അനുഗ്രഹത്താൽ……എല്ലാം ഈ അറിവിനെ ഒരു അനുഭൂതി തലത്തിലേക്കെത്തിച്ചാൽ അന്നു നാം പാടും.
യാതൊന്നു കാണ്മതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതത് നാരായണ സ്തുതികൾ
യാതൊന്ന് ചെയ് വതത് നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ..
എന്ന്…. അതായത് ഈശ്വരൻ ഉണ്ടോ എന്നതിന് “ഉള്ളത് ഈശ്വരൻ മാത്രം” ..ഈശ്വരനല്ലാതെ മറ്റൊന്നും ഇവിടെയില്ല….എന്നൊരു തലത്തിലേക്ക് എത്തും..
എന്നാൽ അതിനു ഒരുപാട് കടമ്പകൾ കടക്കേണ്ടിരിക്കുന്നു..