സനാതനധര്‍മ്മം – 36 ::
ഹിന്ദുവിന്റെ വൈവിധ്യ മാർന്ന ദേവതാസങ്കല്പത്തെക്കുറിച്ചും വിഗ്രഹാരാധനയെക്കുറിച്ചുമെല്ലാം നാം കുറച്ചൊക്കെ മനസ്സിലാക്കിയല്ലോ. ഇനി നമുക്ക് ആരാധനാലയങ്ങൾക്ക് അഥവാ ക്ഷേത്രങ്ങൾക്ക് പുറകിലുള്ള ഉദ്ദേശം , അതിന്റെ തത്വം ഇവയെക്കുറിച്ചൊക്കെ ഒന്നു ചിന്തിക്കാം.
സത്യയുഗത്തിൽ ധ്യാനത്തിനായിരുന്നു പ്രസക്തി. ത്രേതായുഗമായപ്പോൾ യാഗങ്ങൾ ഉണ്ടായി. ( ദശരഥ മഹാരാജാവ് പുത്രകാമേഷ്ടി യാഗം നടത്തിയതായി രാമായണത്തിൽ പറയുന്നുണ്ടല്ലോ ).ഇതിൽ രണ്ടിലും വേദമന്ത്രങ്ങൾ ആയിരുന്നു ഉപാസനാ ഉപാധി.. ദ്വാപര യുഗത്തിലാണ് ക്ഷേത്രസംസ്കാരം ഉടലെടുത്തത് എന്ന് പറയപ്പെടുന്നു.(അവിടെ മന്ത്രതന്ത്രങ്ങൾ വിധിക്കപ്പെട്ടു.. ) രുക്മിണി ദേവി പരദേവതാ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോഴാണല്ലോ ഭഗവാൻ പാണിഗ്രഹണം ചെയ്തു തേരിൽ കയറ്റി കൊണ്ടുപോയത്.
ഭഗവാൻ ഈ ക്ഷേത്രത്തെ കുറിച്ച് ഗീതയിൽ 13 ആമത്തെ അദ്ധ്യായത്തിൽ പറയുന്നതിങ്ങനെ …..
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
ഏതാദ്യോ വേത്തിതം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിദഃ
അല്ലയോ അർജുനാ..!! ഈ ശരീരത്തെ തന്നെയാണ് ക്ഷേത്രം എന്ന് പറയുന്നത്. അതിനെ അറിയുന്നവനാരോ അത് ക്ഷേത്രജ്ഞനും. നമ്മുടെ ശരീരം പഞ്ചകോശങ്ങളാൽ നിർമ്മിതമാണ്.
1). അന്നമയ കോശം (സ്ഥൂല ശരീരം)
2).പ്രാണമയ കോശം (പ്രാണൻ )
3).മനോമയ കോശം (മനസ്സ് )
4).വിജ്ഞാനമയ കോശം( ബുദ്ധി)
5).ആനന്ദമയ കോശം (ഇതിനെയെല്ലാം ചൈതന്യവത്താക്കുന്ന ആത്മാവ് )
അതായത് ഈശ്വരചൈതന്യം നമ്മുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈ സ്ഥൂല ശരീരത്തെ വിട്ട് പ്രാണനിൽ കൂടി അതായത് പ്രാണായാമത്തിൽ കൂടി മനസ്സിനെ അടക്കി ബുദ്ധി ഏകാഗ്രമാക്കി നമ്മെ ജീവസ്സുറ്റതാക്കി നിർത്തുന്ന ആ ഈശ്വര ചൈതന്യത്തിലേക്കു ആഴ്ന്ന്ഇറങ്ങുക എന്നതാണ്. എന്നാൽ ധ്യാനത്തിൽ കൂടി ആ അവസ്ഥയിലേക്കെത്തുക എന്നത് വളരെ ക്ലേശകരമാണ്. ഈ ക്ലേശത്തെ മറികടക്കാനാണ് പുറത്തു ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തത്.. ഇതിന്റെ നിർമ്മാണ ഘടന നമ്മുടെ ശരീരത്തിന്റേത് പോലെയാണ്.. എങ്ങനെയെന്നാൽ….
ഏറ്റവും പുറമെയായി ചുറ്റുമതിൽ. അത് അന്നമയ കോശത്തിന്റെ…. സ്ഥൂല ശരീരത്തിന്റെ പ്രതീകം. ക്ഷേത്രത്തിനകത്തേക്കു കടക്കുമ്പോൾ ശരീര ബോധം വെടിയണം എന്ന് പറയാനാണ് ഷർട്ട് ഊരുന്നത്. എന്നിട്ട് പ്രാണമയ കോശത്തിന്റെ പ്രതീകമായ പ്രദക്ഷിണ വഴിയിൽ എത്തുന്നു.. അവിടെ പ്രാണായാമത്തിൽ കൂടി താളത്തിൽ ശ്വസിച്ചു നാമം ജപിച്ചു പ്രദക്ഷിണം വെച്ചു മനസ്സിനെ ഏകാഗ്രമാക്കണം. അടുത്തത് മനോമയ കോശം അതാണ് ചുറ്റമ്പലം. മനസ്സിന്റെ പ്രതീകം. അവിടെ നിറയെ വിളക്കുകൾ തെളിയിക്കുന്നു. ഇത് സദ്ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു. അത് കടന്ന് ഉള്ളിലേക്ക് ചെന്നാൽ നമസ്കാര മണ്ഡപം. അവിടെ നമസ്കരിക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ സമർപ്പിക്കുന്നു. അതോടെ മുന്നിൽ കാണുന്ന ശ്രീകോവിലിലെ ചൈതന്യവും നമ്മിലുള്ള ചൈതന്യവും ഒന്നാണെന്നുള്ള തിരിച്ചറിവും ഉണ്ടാകുന്നു. അതാണ് ആനന്ദമയ കോശത്തിന്റെ പ്രത്യേകത….
ഓരോ ക്ഷേത്രദർശനവും നമ്മെ ഇത്തരത്തിൽ ആനന്ദത്തിലേക്കുയർത്തുന്നതാവണം എന്നു പൂർവികർ പറയുന്നു…. ഈ അറിവ് നമ്മെ അതിന് സഹായിക്കുന്നതാവട്ടെ.