സനാതനധര്‍മ്മം – 35 ::
എന്താണ് ഒരു കുരങ്ങനായി ചിത്രീകരിക്കുന്ന ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിനു പിന്നിലുള്ള തത്വം? അത് ശരിക്കൊന്നു മനസ്സില്ലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ?
ഹിന്ദു പുരാണങ്ങളിൽ നമ്മുടെ മനസ്സിനെ എല്ലായ്പ്പോഴും കുരങ്ങനോടാണ് ഉപമിക്കുന്നത്. മരത്തിന്റെ ഒരു ചില്ലയിൽ നിന്നും മറ്റൊരു ചില്ലയിലേക്ക് ചാഞ്ചാടിക്കളിക്കുന്നതും കയ്യില്‍ കിട്ടുന്നതെന്തും കടിച്ചു നോക്കുന്നതുമായ കുരങ്ങന്റെ സ്വഭാവമാണ് ഒരു ചിന്തയില്‍ നിന്നും മറ്റൊരു ചിന്തയിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നതും എല്ലാ അനുഭവങ്ങളെയും ഉള്ളിലേക്ക് എടുക്കുന്നതുമായ നമ്മുടെ മനസ്സിന്റെത്. ഈ ചഞ്ചലമായ മനസ്സിനെ ശാന്തമാക്കാൻ പ്രാണായാമം കൊണ്ടേ കഴിയൂ. എന്തെന്നാൽ ഒരു ജീവൻ പ്രകടമാവുമ്പോൾ പ്രാണനും മനസ്സും ഒന്നിച്ചാണ് പ്രകടമാവുന്നത്. (ഒരു വിത്ത് പൊട്ടിമുളക്കുമ്പോൾ രണ്ടു നാമ്പുകൾ വിടർന്നു വരുന്നപോലെ.) മരണ സമയത്തും പ്രാണനാണ് മനസ്സിനെയും കൊണ്ടു പോവുന്നത്. ആ പ്രാണനിൽക്കൂടിതന്നെ വേണം മനസ്സിനെ ശാന്തമാക്കാൻ. അതിനാണ് പ്രാണായാമം. വായു പുത്രൻ എന്നു പറയുന്നതിനു പുറകിലേ തത്വവും ഇതാണ്. (അച്ഛനാണല്ലോ പുത്രനെ നിയന്ത്രിച്ച് നടത്തുന്നത്) ശാന്ത മനസ്സിലേ വിവേകം ഉദിക്കൂ.
ശ്രീരാമ ദാസനായിട്ടാണ് ഹനുമാനെ നാം പ്രകീർത്തിക്കുന്നത്. ഹനുമാൻ സ്വാമിയുടെ മാറു പിളർന്നാൽ ….അവിടെ കാണുന്നത് ശ്രീരാമചന്ദ്രസ്വാമിയെയും സീതാദേവിയേയുമാണ്
എന്താണതിന്നർത്ഥം?. ഈശ്വരനെ സദാ ഉള്ളിൽ പ്രതിഷ്ഠിച്ചു , ഏതു കർമ്മവും ഈശ്വരനിയോഗമായി ചെയ്യുകയും വരുന്ന അനുഭവങ്ങളെ പ്രസാദബുദ്ധിയോടെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആ ദാസഭാവം….അവിടെ കർത്താവും ഭോക്താവും ആയ “എനിക്ക് ” പ്രസക്തിയില്ല.
ഇതൊക്കെ വിവേകബുദ്ധിയുടെ പ്രതീകങ്ങളാണ്. അതാണ് രാമായണത്തിൽ ശ്രീരാമനിൽ നിന്നും(പരമാത്മാവിൽ നിന്നും) അകന്നുപോയ സീതയെ(ജീവാത്മാവിനെ) തിരിച്ചു ശ്രീരാമനോട് ചേർക്കാൻ ഹനുമാനെ(വിവേകബുദ്ധിയെ) മുന്നിൽ നിർത്തിയതിന്റെ സാരവും. ഈ ഗുണങ്ങൾ വളർത്തിയെടുത്താൽ നമുക്കും ഹനുമത് തത്ത്വത്തിലേക്കു ഉയരാം..പുറത്തു ഒരു ഹനുമാൻസ്വാമിയെ തൊഴുതു വണങ്ങുമ്പോൾ എന്നിൽ ആ വിവേകബുദ്ധി ഉണർന്നു വരേണമേ..എന്നാണ് പ്രാർത്ഥിക്കേണ്ടതു.നമ്മിലുള്ള ശക്തികളുടെ പൂർണ്ണ രൂപങ്ങളാണ് ഈ ദേവതമാർ…