സനാതനധര്‍മ്മം – 34 ::
നമ്മളിലുള്ള ഗുണങ്ങളുടെ അഥവാ ശക്തികളുടെ ആവിഷ്കാരരൂപമാണ് ഓരോ ദേവതാസങ്കല്പങ്ങളും. ആരാണ് ഈ സുബ്രഹ്മണ്യൻ…..?
സുബ്രഹ്മണ്യൻ എന്നാൻ ‘സു ബ്രഹ്മണ്യൻ ‘. ‘സു’ എന്ന വാക്ക് എല്ലായ്പ്പോഴും നല്ലതിനെ സൂചിപ്പിക്കുന്നു. ‘ബ്രഹ്മണ്യൻ ‘ എന്നാൽ ബ്രഹ്മണ്യത്വം ഉള്ളയാൾ എന്ന്. അതായത് ബ്രഹ്മ തത്വം ഉറച്ചയാൾ. നാം ഓരോരുത്തരും ആ തത്വത്തിലേക്ക് ഉയരാൻ കഴിവും യോഗ്യതയും ഉള്ളവരാണ്. അതിനുള്ള പരിശ്രമം വേണമെന്ന് മാത്രം. അതുകൊണ്ടാണ് മറ്റു മതസ്ഥർ ഈശ്വരൻ ഒന്നേയൊള്ളൂ എന്നു പറയുമ്പോഴും നമ്മുടെ സനാതനധര്‍മ്മം നാം ഒാരോരുത്തരും ഈശ്വരനായിത്തീരാൻ കഴിവും യോഗ്യതയും ഉള്ളവരാണെന്ന് പറയുന്നത്. സുബ്രമണ്യന്റെ മറ്റു പേരുകളാണ് ഷൺമുഖൻ, അറുമുഖൻ എന്നോക്കെ. ഇൗ പേരുകൾ കൊണ്ടുദ്ദേശിക്കുന്നതും ആ ഈശ്വരീയതയിലേക്ക് ഉയർത്തുന്ന ഷഡ്സമ്പത്തിനോടു കൂടിയവൻ ആണെന്നാണ്……
എന്താണീ ഷഡ് സമ്പത്തു..???
ശമം, ദമം,ഉപരതി, തിതിക്ഷാ,ശ്രദ്ധാ, സമാധാനം.. .
ശമം-ലോകവിഷയങ്ങളിൽ നിന്നു മനസ്സിനെ പിൻവലിച്ചു നിശ്ചലമാക്കി നിർത്തുന്നത് ശമം..
ദമം-കർമ്മേന്ദ്രിയങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും അതിന്റെ സ്ഥാനത്തുതന്നെ ഉറപ്പിച്ചു നിർത്തുന്നത് ദമം.
ഉപരതി-ബാഹ്യവിഷയങ്ങളിൽ മനസ്സിനെ യഥേഷ്ടം വ്യവഹരിക്കാൻ വിടാതിരിക്കുന്നതാണ് ഉപരതി.
തിതിക്ഷാ-പ്രതികൂല സാഹചര്യങ്ങളെ സംയമനത്തോടെ നേരിടുന്നത് തിതിക്ഷാ.
ശ്രദ്ധാ-വേദവാക്യങ്ങളിലും ഗുരുവാക്യങ്ങളിലും ഉള്ള ഉത്തമ വിശ്വാസമാണ് ശ്രദ്ധാ.
സമാധാനം-അന്തരാത്മാവിൽ ബുദ്ധിയെ ഉറപ്പിച്ചു നിർത്തുമ്പോൾ കിട്ടുന്ന ശാന്തിയാണ് യഥാർത്ഥ സമാധാനം..
ഈ ആറ് ഗുണങ്ങളോട് കൂടിയവൻ സുബ്രഹ്മണ്യൻ എന്നു പറയുമ്പോൾ ….ഈ ആറു ഗുണങ്ങൾ ആരിൽ ഉണ്ടോ അവരൊക്കെത്തന്നെ സുബ്രഹ്മണ്യൻമാർ ആണ്….അതായത് സുബ്രഹ്മണ്യസ്വാമിയെ പൂജിച്ചു ആരാധിച്ചു ഉപാസിക്കുമ്പോൾ നമ്മിൽ വന്നുചേരുന്ന ഗുണങ്ങളാണിവ.ഇവയെല്ലാം ഉണ്ടെങ്കിൽ ജീവിതം ആനന്ദമാണ്…അതിന്റെ പ്രതീകമാണ് വാഹനമായ മയിൽ… (വാഹനം നമ്മെ യാത്രചെയ്യാൻ സഹായിക്കുന്നതാണല്ലോ)…. ഭക്തി ,ജ്ഞാനം, വൈരാഗ്യം, കർമ്മം , യോഗം, ധ്യാനം ഇവയൊക്കെയും ഈ ആറ് ഗുണങ്ങളിൽ പെടും. ഇങ്ങനെ നോക്കിയാല്‍ ഈ ദേവതാസങ്കല്പങ്ങളെല്ലാം തന്നെ നമ്മളിൽ അന്തർലീനമായിരിക്കുന്ന ശക്തിവിശേഷങ്ങളുടെ ബഹിർ രൂപങ്ങൾ ആണെന്നു കാണാം…. അതുകൊണ്ടുതന്നെ ആ ദേവനെ പൂജിച്ച് പ്രസാദിപ്പിച്ചാൽ നമ്മളിൽ ആ ശക്തികൾ ഉണർന്നുവരും.