സനാതനധര്‍മ്മം – 33 ::
നമ്മുടെ ദേവതാ സങ്കൽപ്പങ്ങളിൽ പ്രഥമഗണനീയനാണ് വിഘ്നേശ്വരൻ അഥവാ ഗണപതി. (ഗണങ്ങളുടെ പതി)…ഗണപതിയുടെ രൂപമോ….. ആനയുടെ തലയും മനുഷ്യന്റെ ഉടലും ആയിട്ടുള്ളത്. നമുക്കറിയാം ഇങ്ങനെയൊരു രൂപം ഉണ്ടാവില്ലായെന്ന്. അപ്പോള്‍ ഇതിനു പുറകിലും എന്തോ ചില കാര്യങ്ങള്‍…..തത്ത്വങ്ങള്‍…. ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കണം.
നമ്മുടെ ഉള്ളിലെ അദൃശ്യശക്തികളെക്കുറിച്ച് മനസിലാക്കിത്തരാനാണ് പുറത്ത് ഓരോ രൂപവും കല്പനചെയ്തു വച്ചിരിക്കുന്നത്. അതിൽ പ്രഥമ സ്ഥാനം ഗണപതിക്കാണ്. എന്തെന്നാൽ ഗണപതി നമ്മുടെ സൂക്ഷ്മബുദ്ധിയുടെ പ്രതീകമാണ്. ഈ സൂക്ഷ്മ ബുദ്ധിയാണ് നമ്മുടെ ആദ്യത്തെ ഗുരു. ആ ബുദ്ധിയുണർന്നാലെ നമുക്കെന്തും ഗ്രഹിക്കാനൊക്കു. അതുകൊണ്ടാണ് അതിന് പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നത്. ആ രൂപത്തില്‍ക്കൂടി വിശദീകരിക്കുന്നതും അതാണ്.
ഗണപതിയുടെ വലിയ ചെവി ഒരുപാടു കേൾക്കുന്നതിനെ സൂചിപ്പിക്കുന്നു. അതുപോലെ ചെറിയ കണ്ണുകള്‍ സൂക്ഷ്മദൃഷ്ടിയെ കാണിക്കുന്നൂ. ഏറ്റവും ചെറുതും ഏറ്റവും വലുതുമായതിനെ എടുക്കാനുള്ള (ഗ്രഹിക്കാനുള്ള ) കഴിവാണ് തുമ്പിക്കൈക്കുള്ളത്. എന്തും ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ അടയാളമാണ് വലിയ വയർ. നമ്മിലെ സൂക്ഷ്മ ബുദ്ധിയുണരുമ്പോൾ നമ്മിലുണ്ടാകുന്ന ഗുണവിശേഷങ്ങളാണ് ഈ രൂപത്തില്‍ കൂടിപറഞ്ഞുവെച്ചിരിക്കുന്നത്.
നമ്മള്‍ ഗണപതി ഭഗവാന്‍റെ മുന്നില്‍ ചെന്നാൽ എന്താണ് ചെയ്യുക..? തൊഴുതു കഴിഞ്ഞ് കൈ പിണച്ച് ചെവിയിൽ പിടിച്ച് കുനിഞ്ഞ് ഏത്തമിടുകയും. കൈവിരലുകൾ മടക്കി തലയുടെ ഇരുവശത്തും മുട്ടുകയും ചെയ്യുന്നു….. അല്ലേ? ഇതെല്ലാം ആ സൂക്ഷ്മ ശക്തിയെ ഉത്തേജിപ്പിക്കാൻ ചെയ്യുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ പാശ്ചാത്യർ ഈ ഏത്തമിടലിനെ Super Yoga എന്ന പേരിൽ Brain Activate ചെയ്യിക്കുന്ന Exercise ആയി കണ്ടു പിടിച്ചിട്ടുണ്ടല്ലോ. ഇതൊക്കെ നമ്മുടെ പൂർവ്വികർ എത്ര കാലം മുന്നേ മനസിലാക്കി വെച്ചിരുന്നൂ എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നില്ലേ?.
ഗണപതിയുടെ വാഹനമായ എലിയുടെ സ്വഭാവമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും ചെറിയ ദ്വാരത്തിൽ കൂടിയും അത് അകത്തുകടക്കും. നെൽവയലിൽ ചെന്നാൽ നെല്ലിലെ essence ഒക്കെ ഉൗറ്റിയെടുക്കും… ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ ഈ എലിയെ വാഹനമാക്കി ചിത്രീകരിച്ചതിന് പുറകിലെ ഭാവന.
ഗണപതിയുടെ ഭാര്യയാണ് സിദ്ധീദേവി. എട്ടുകൈകളുള്ള ഗണപതിയുടെ മടിയിൽ സിദ്ധീദേവി ഇരിക്കുന്ന ചിത്രമുണ്ട്. എന്താണിതിനർത്ഥം? ഗണപതി പ്രസാദിച്ചാൽ…. അതായത് സൂക്ഷ്മ ബുദ്ധി ഉണർന്നാൽ അഷ്ടസിദ്ധികളും കൈവരുമെന്നല്ലേ.
നമ്മിലെ ഓരോ ശക്തികളെയും ഉണർത്തിയെടുക്കാനാണ് ഈ വിഗ്രഹാരാധന..നമ്മിലുള്ള ശക്തിയുടെ പൂർണ്ണരൂപത്തെ ആണ് പുറമെ നാം ഈശ്വരനായി ആരാധിക്കുന്നത്…അതുകൊണ്ടുതന്നെ ഭഗവാനെ പുറത്തു സങ്കൽപ്പിച്ച് പൂജകൾ ചെയ്യുമ്പോഴും മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലാണ് സംഭവിക്കുന്നതു. ഈ തത്ത്വങ്ങള്‍ അറിഞ്ഞ് ഉപാസിച്ചാൽ ഫലം കൂടുകതന്നെ ചെയ്യും..