സനാതന ധർമ്മം – 30 ::
ശ്രീ മഹാവിഷ്ണു
നാലുകൈയ്യും നീല നിറവും ആയിനിൽക്കുന്ന മഹാവിഷ്ണുവിൻ്റെ രൂപം നമ്മുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നതാണ്. എന്നാൽ ഈ നിറത്തിനും നാലു കൈക്കും അതിലിരിക്കുന്ന വസ്തുക്കൾക്കുമെല്ലാം നമ്മളോട് പലതും പറഞ്ഞു തരാനുണ്ട് എന്നു നമ്മൾ ഓർക്കാറില്ല.
മഹാവിഷ്ണു എന്ന പേരുതന്നെ ശ്രദ്ധിക്കൂ. ‘വ്യാപ്നോതി ഇതി വിഷ്ണു ‘ എന്നാണ് ഇതിനർത്ഥം. അതായത് വ്യാപിച്ചു കിടക്കുന്നതെന്തോ അത് വിഷ്ണു. ഈ ബ്രഹ്മാണ്ഡം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഈശ്വരനാണ് വിഷ്ണു. ആ അനന്തമായ വ്യാപ്തിയെ കാണിക്കാനാണ് നീല നിറം. അനന്തതയുടെ നിറമാണ് നീല. ആകാശത്തിൻ്റെയും കടലിൻ്റെയുമെല്ലാം നിറം നീലയല്ലേ.
നാലു കൈകളിൽ ഉള്ളത് എന്തൊക്കെയാണെന്ന് നോക്കാം. ശംഖ്, ചക്രം, ഗദ, താമര ഇതിൽ ആദ്യം ശഖ് തന്നെയെടുക്കാം.. എന്താണതിൻ്റെ പേര്?. ‘പാഞ്ചജന്യം’ അതായത് അഞ്ചിൽ നിന്ന് ജനിച്ചത്……പഞ്ചഭൂതങ്ങളാൽ നിർമ്മിതം. അത് പ്രപഞ്ചത്തിൻ്റെ പ്രതീകമാണ്. ആ ശംഖിൽ നിന്നും വരുന്ന ശബ്ദമോ ?… ‘ഓംങ്കാരം’…. ഓം എന്നത് ആ , ഉ , ഉം എന്നതിൻ്റെ ആവിഷ്കാര ശബ്ദമാണ്. ആ , ഉ , ഉം എന്നത് യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹരത്തെ ( ഉണ്ടായി നിലനിന്ന് മറഞ്ഞുപോകുന്നതിനെ)പ്രതിനിധാനം ചെയ്യുന്നൂ. അപ്പോള്‍ ഭഗവാൻ്റെ കയ്യിലാണ് ഈ പ്രപഞ്ചം ഇരിക്കുന്നതെന്ന്………ഭഗവാനിലാണ് നിലനിൽക്കുന്നതെന്ന്….. സാരം. മാത്രമല്ലാ ഇത് നമ്മുടെ പഞ്ചഭൂതാത്മകമായ ശരീരത്തിൻ്റെ കൂടി പ്രതികമാണ്. അപ്പോള്‍ നമ്മളോരോരുത്തരും ഇരിക്കുന്നത് എവിടെയാണ് ?
അടുത്തത് ചക്രം… ‘സുദർശനചക്രം ‘ എന്നാണതിന്റെ പേര്…ആ പേരിൽ തന്നെ അതിൻ്റെ അർത്ഥം അടങ്ങിയിട്ടുണ്ട്. ‘സു ദർശനം ‘. അതായത് ശരിയായ കാഴ്ചപ്പാട്.അതുകൊണ്ട് കൊല്ലുന്നതോ? അസുരൻമാരെയും. ഭഗവാനോട് അടുക്കും തോറും നമുക്കു ശരിയായ കാഴ്ചപ്പാടു തന്ന് നമ്മിലുള്ള ആസുരിക വാസനകളെ ഇല്ലാതാക്കുന്നതിൻ്റെ പ്രതീകമായിട്ടാണ് ഈ ചക്രം ധരിച്ചിരിക്കുന്നത്.
ഇനി ‘ഗദ ‘… ഗദയെന്നു പറയുമ്പോള്‍ തന്നെ എതിർക്കാനുള്ള ആയുധമാണെന്നു മനസിലാവുന്നില്ലേ. നമ്മിലുള്ള ആലസ്യം, അജ്ഞത, അവിവേകം മുതലായ തമോഗുണ പ്രധാനങ്ങളായ സ്വഭാവങ്ങളെ എതിർത്ത് തോൽപിക്കണം എന്ന് കാണിക്കാനാണ് ഈ ഗദ കയ്യില്‍ വെച്ചിരിക്കുന്നത്.
അവസാനമായി ‘താമര ‘….താമര എല്ലായ്പ്പോഴും പരിശുദ്ധമായ ചിന്തകളുള്ള മനസ്സിൻ്റെ പ്രതീകമായിട്ടാണ് പറയുന്നത്.അത് എത്ര ചെളിയിൽ നിന്നാലും അതൊന്നും അതിൽ ഒട്ടിപ്പിടിക്കാതെ ഭഗവാന്‍റെ കയ്യിലിരിക്കുന്നൂ. അതുപോലെ നമ്മുടെ മനസ്സും ഭൗതികമായ വിഷയങ്ങളൊന്നുംതന്നെ ഒട്ടിപ്പിടിക്കാൻ അനുവദിക്കാതെ പരിശുദ്ധമാക്കി ഭഗവാനിൽ സമർപ്പിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഈ രൂപത്തില്‍ കൂടി എത്രമാത്രം അറിവുകളാണ് നമുക്കു ലഭിക്കുന്നത്. നമ്മിലെ അദൃശ്യശക്തിയെ ഗ്രഹിക്കാൻ ഇത്രയൊക്കെ വിഭാവനം ചെയ്ത നമ്മുടെ പൂർവികരെ എത്ര നമിച്ചാലും മതിവരുമോ..!!!!
ഈ രൂപങ്ങൾക്കൊക്കെ വേദാന്തപരമായ വ്യാഖ്യാനങ്ങളും ഉണ്ടാകാം…ഇതൊക്കെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകത്തക്കവണ്ണം യുക്തിസഹമായി വ്യാഖ്യാനിച്ചിരിക്കുന്നതാണ്.
നമ്മുടെ ശാസ്ത്രങ്ങളിലേക്കു ആഴ്ന്നിറങ്ങിയാൽ സാധാരണക്കാരായ നമുക്ക് തന്നെ നമ്മുടേതായ ഒരു വ്യാഖ്യാനം കണ്ടെത്തുവാൻ സാധിക്കും…ഭഗവത് ഗീതക്കു ശ്രീ ശങ്കരാചാര്യ ഭഗവത്പാദർ, ശ്രീ ജ്ഞാനേശ്വര ഭഗവാൻ , ചിന്മയാനന്ദസ്വാമികൾ, പ്രൊഫസർ ബാലകൃഷ്ണൻ നായർ സർ തുടങ്ങി ഇങ്ങോട്ടു എത്ര എത്ര മഹാത്മാക്കൾ വ്യാഖ്യാനം എഴുതിയിട്ടുണ്ട്….?അതാണ് നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളുടെ മഹത്വവും…!!!!