സനാതന ധർമ്മം..29 ::
അനന്തശയനം, തത്ത്വം.
ഈ തത്ത്വത്തെ ഗ്രഹിച്ചാൽ ബ്രഹ്‌മാവ് ആരെന്നു നമുക്ക് മനസ്സിലാകും….അതുപോലെ നാം ആരെന്നും…
ഒരിക്കൽ , അനന്തന്റെ മുകളില്‍ കിടക്കുന്ന ഭഗവാൻ ആദിനാരായണന്റെ നാഭിയിൽ നിന്നും പ്രകടമായ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവ് , ഈ പ്രപഞ്ചം മുഴുവന്‍ താനാണ് സൃഷ്ടിച്ചതെന്ന അഹങ്കാരത്തിൽ ഇരിക്കുമ്പോള്‍ നാരദർ അതു വഴി വന്നു. ആ സമയം നാരദരോട് ബ്രഹ്മാവ് പറയുകയാണ് ‘ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത് ഞാനാണ് . നോക്കൂ എന്റെ മഹത്വം ‘ എന്ന്. നാരദർ ബ്രഹ്മാവിന്റെ പുത്രനാണല്ലോ. അപ്പോൾ നാരദർ പറഞ്ഞു , ‘ ശരിയാണച്ഛാ…. അങ്ങാണ് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത്. എന്നാൽ അച്ഛനിരിക്കുന്ന ഈ താമര സൃഷ്ടിച്ചതാരാണ്?…. അപ്പോഴാണ് ബ്രഹ്മാവ് അതേക്കുറിച്ച് ചിന്തിക്കുന്നത്. ആ സമയം ബ്രഹ്മാവിന് അതെന്താണെന്നറിയാനുള്ള ജിജ്ഞാസയുണ്ടാവുകയും ആ താമരത്തണ്ടിൻ്റെ ഉള്ളിൽക്കൂടി താഴോട്ട് ഇറങ്ങകയും ചെയ്തൂ. അപ്പോള്‍ 16, 21……16, 21 എന്നൊരശരീരി ഉണ്ടായീ എന്നു പറയുന്നൂ. അപ്പോഴാണ് ബ്രഹ്മാവിന് തന്റെ ഉത്ഭവസ്ഥാനം മനസിലാവുന്നതെന്നും പുരാണം പറയുന്നൂ…
നമുക്കിതിന് പുറകിലുള്ള തത്ത്വങ്ങള്‍ എന്താണെന്ന് നോക്കാം. വെള്ളത്തില്‍ അനന്തന്റെ മുകളില്‍ കിടക്കുന്ന ഭഗവാൻ……എല്ലാം പ്രതീകാത്മകമാണ്.
വെള്ളം എന്നാൽ കാരണ ജലം… വെള്ളത്തിലാണ് ജീവന്റെ ഉൽപത്തി സംഭവിക്കുന്നത്. അതിന്റെ പ്രതീകമാണ് പാലാഴി.
അനന്തൻ എന്നത് കാലത്തിന്റെ പ്രതീകം. മൂന്നു ചുറ്റുകഴിഞ്ഞ് (3 യുഗം) നാലാമത്തെ ചുറ്റിൽ നിൽക്കുന്നൂ. അനന്തന്റെ പത്തി അഞ്ചു പഞ്ചഭൂതങ്ങളുടെ..നാവ് അഗ്നിയുടെ എല്ലാം പ്രതീകങ്ങൾ ആണ്.
അതിന് മുകളില്‍ ഭഗവാൻ ആദി നാരായണൻ…നാരത്തിൽ അയനം ചെയ്യുന്നത് നാരായണൻ….നാരം എന്നാൽ അറിവെന്നും വെള്ളമെന്നും അർത്ഥമുണ്ട്…അതാണ് പരമാത്മാവ്….പൂർണ്ണബോധശക്തി.
ഭഗവന്റെ നാഭിയിൽ നിന്നും താമരത്തണ്ട് …… സൃഷ്ടി എപ്പോഴും നാഭിയിൽ നിന്നാണ് തുടങ്ങുന്നത്. താമരത്തണ്ട് പ്രാണന്റെ പ്രതീകമാണ്.
അതിന് മുകളില്‍ അനേകം ഇതളുകളോട് കൂടിയ താമര….അത് നമ്മുടെ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു.
അതിന് മുകളില്‍ നാല് തലകളോട് കൂടിയുള്ള ബ്രഹ്മാവ് ….അത് നാലുതരം ചിന്തകളോട് കൂടിയ (മനസ്സ്, ബുദ്ധി , ചിത്തം , അഹംങ്കാരം) ജീവാത്മാവ്.
എല്ലാ സൃഷ്ടികളും തുടങ്ങുന്നത് ഓരോ മനസിൽ നിന്നാണല്ലോ. എന്നാൽ ഈ മനസ്സിനെ ആര് സൃഷ്ടിച്ചു? ഇതന്ന്വേഷിച്ചു പോയപ്പോഴാണ് ബ്രഹ്മാവ് 16 (വൃഞ്ജനാക്ഷരങ്ങളിൽ 16 മത്തെ അക്ഷരമായ ‘ത’ ) 21 (21 മത്തെ അക്ഷരമായ ‘പ’ ) എന്ന് കേട്ടത്. അതായത് ‘തപ’…..’തപ’……തപസ്സുചെയ്യൂ എന്ന്. നമുക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് പലതും നമുക്കറിയാം.എന്നാൽ നമ്മളെക്കുറിച്ചുള്ള അറിവ് നമുക്കില്ലാതെ പോയി..
പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത് പരാങ് പശ്യതി നാന്തരാത്മൻ
കശ്ചിദ്ധീര:പ്രത്യഗാത്മാനമൈക്ഷദ്
ആവൃത്ത ചക്ഷുരമൃതത്വമിച്ഛൻ..
(കഠോപനിഷത്തിലെ വരികളാണിത്)
നമ്മുടെ ഇന്ദ്രിയങ്ങൾ പുറത്തേക്കാണ് തുറന്നിരിക്കുന്നതു…അതുകൊണ്ടുതന്നെ അതു നമ്മളെ നയിക്കുന്നതും പുറം ലോകത്തിലേക്കാണ്….നാം നമ്മുടെ മനസ്സുകൊണ്ട് പഠിക്കുന്ന വിഷയങ്ങളാണ് അറിവെന്നും തെറ്റിദ്ധരിക്കുന്നു..എന്നാൽ ആ അറിവ് അപൂർണ്ണമാണ്…നാം വിഷയങ്ങൾ പഠിക്കാൻ ഉപയോഗിക്കുന്ന നമ്മുടെ മനസ്സിനെക്കുറിച്ചുകൂടി പഠിക്കുമ്പോഴാണ് അറിവ് പൂർണ്ണമാകുന്നത്.. അതിനാണ് തപസ്സ്. സത്സംഗത്തിൽ കൂടിയുള്ള ജ്ഞാനം, സാധനാ , ധ്യാനം ഇവയൊക്കെയാണ് നമ്മെ ആ അറിവിലേക്ക് ഉയർത്തുന്നത്. കുറച്ചു ധീരന്മാർ മാത്രമേ ആ അറിവിലേക്കുയരുന്നുള്ളൂ.
അനന്തശയനത്തിന്പുറകിലുള്ള ഈ തത്ത്വത്തെ മനസ്സിലാക്കിയാൽ നമ്മെക്കുറിച്ചു ശരിയായൊരു ബോധം നമുക്കുണ്ടാകും…
ധ്യാനത്തിന് പറ്റിയ ഒരു രൂപമാണിത്. നമ്മിലേക്ക് ആഴ്ന്നിറങ്ങാൻ…
വളരെ നന്നാവുന്നുണ്ട്, തുടർച്ചയായി വായിക്കാറുണ്ട് വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ തത്വവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭഗവാൻറെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ.
LikeLike
തപസ്സ് എല്ലാ കർമങ്ങൾക്കും നല്ലതാണ് അത് എന്തിനു വേണ്ടിയാണോ അതായത് നമ്മൾ മനസ്സിനെ ഏകാഗ്രമാക്കുന്നതിനും നിഷ്കാമ ഭക്തി വളർത്തുന്നതിനും സഹായിക്കും. ജീവിതം തന്നെ ഒരു തപാസ്സാണ്.🙏
LikeLike