സനാതന ധർമ്മം…28 ::
ഈശ്വരൻ നമ്മുടെ ഉള്ളിൽ പൂർണ്ണ ബോധമായി, ആത്മാവായി, നമ്മുടെ സത്തയായി നിലകൊള്ളുന്നു എന്നൊക്കെ പറയുമ്പോഴും ഹിന്ദുക്കൾ വളരെയധികം ദൈവങ്ങളെ ആരാധിക്കുന്നവരല്ലേ…. എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. സർവ്വപ്രപഞ്ചനിയാമകമായ ശക്തി വൈഭവം ഒന്നേഉള്ളൂ എന്നിരിക്കേ ഹിന്ദു ധർമ്മത്തിൽ ഇത്രയധികം ദേവതാ സങ്കല്പം എങ്ങിനെ ഉണ്ടായി…?
സനാതന ധർമ്മത്തിൽ നമ്മുടെ ഋഷിവര്യന്മാർ സത്യമായത് ഒന്നേയുള്ളൂ എന്നു ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകനും അദ്വിതീയനുമായ ഈശ്വരൻ പരമാത്മാവാകുന്നു…ബ്രഹ്മമാകുന്നു.. ( പൂർണ്ണ ബോധശക്തി). ആ പരമാത്മാവിൽ സൃഷ്ടി, സ്ഥിതി,സംഹാരപ്രക്രിയകൾ ഒന്നും നടക്കുന്നില്ല. ഇവയെല്ലാം സംഭവിക്കുന്നത് ഈശ്വരൻ തന്റെ മായാ ശക്തിയായ പ്രകൃതിയുമായുള്ള സംയോഗത്തിലാണ്. ഈ പ്രകൃതിയാകട്ടെ സത്വ രജ: തമോ ഗുണാത്മികയാണെന്ന് പറഞ്ഞുവല്ലോ. ഈ ഗുണങ്ങളോടുള്ള ചേർച്ചയിൽ ഈശ്വരനും ഗുണമയനാണെന്ന് തോന്നിപ്പിക്കന്നു.. അങ്ങനെ പ്രകൃതിയിലെ സത്വ ഗുണത്തോട് ചേർന്ന അവസ്ഥയിൽ വിഷ്ണുവായും രജോ ഗുണത്തോട് ചേർന്ന അവസ്ഥയിൽ ബ്രഹ്മാവായും തമോ ഗുണ പ്രാധാന്യത്തിൽ രുദ്രനായും ( ശിവനായും) അറിയപ്പെടുന്നു.
ഗുണാതീതനായ ഏക ഈശ്വരൻ തന്നെയാണ് സഗുണഭാവത്തിൽ പല ദേവതകളായി ഭവിക്കുന്നത്. അങ്ങനെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളായി … ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മായി ഉപാസിക്കാൻ തുടങ്ങി. ത്രിഗുണാത്മികയായ പ്രകൃതിയെ ദേവിയായും സങ്കൽപ്പിച്ചുപാസിക്കുന്നു. ഈ ത്രിഗുണങ്ങൾക്കും ശക്തികൾക്കും എല്ലാം നാമമോ, രൂപമോ ഒന്നും ഇല്ലല്ലോ… നാമരൂപങ്ങളില്ലാത്ത അവ്യക്തമായ ശക്തിവൈഭവത്തെ ഗ്രഹിക്കുക എന്നത് മനുഷ്യ മനസ്സിന് ആസാധ്യമത്രേ.. ഭഗവത് ഗീതയിൽ ഇതു ഭഗവാൻ പറയുന്നുണ്ട്.
ക്ലേശോധികതരസ്തേഷാം
അവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിർദുഃഖം
ദേഹവദ്ഭിരവാപ്യതേ
(ഭഗവത്ഗീത ….അദ്ധ്യായം 12,.. ശ്ലോകം 5)
ക്ലേശം കൂടുതലുണ്ടാകാ_
മവ്യക്താരാധകർക്കഹോ
ദേഹവാനവിടെച്ചെല്ലായ്ക
ബഹുധാ ദുർഘടം വഴി.
(മലയാളഭാഷാ ഗീത)
സഗുണോപാസന എന്നും നിർഗ്ഗുണോപാസന എന്നും രണ്ട് വിധ ഉപാസനാ രീതികൾ ഋഷീശ്വരന്മാർ പറയുന്നു. ഈശ്വരൻ ത്രിഗുണങ്ങൾക്കും അതീതനായ പ്രപഞ്ച നിയാമകനായ, പൂർണ്ണ ബോധമായ, പരമാത്മാവെന്ന് മനസ്സിൽ തെളിഞ്ഞു കിട്ടി ഉപാസിക്കുന്നതാണ് നിർഗുണോപാസന.അവർക്ക് അതിനൊരു ഉപാധിയുടെ ആവശ്യമില്ല. അതിനു മാനസികതലത്തിൽ വളരെയധികം ഉയരേണ്ടിയിരിക്കുന്നു. എന്നാൽ ശാരീരിക തലത്തിൽ ജീവിക്കുന്ന സാധാരണക്കാരന് ആ ഉപാസനാ രീതി ക്ലേശത്തെ ഉണ്ടാക്കുകയേയുള്ളു. നമ്മുടെ മനസ്സിന് രൂപമില്ലാത്തത്തിൽ ഏകാഗ്രത കൊണ്ടുവരാൻ സാധ്യമല്ല..മറിച്ചു ഒരു നാമത്തെയോ രൂപത്തെയോ സങ്കല്പിക്കാൻ നമുക്ക് പ്രയാസമില്ല. അതു മനസ്സിലാക്കിയ പൂർവ്വികർ ഈ ശക്തികളെ എല്ലാം തന്നെ അതിന്റ ഗുണത്തിന്റെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ നമുക്ക് സങ്കൽപ്പിക്കുവാൻ തക്കവണ്ണം ഓരോ രൂപങ്ങളാക്കി നമ്മുടെ മുൻപിൽ അവതരിപ്പിച്ചു. നാല് കൈകളും, എട്ട് കൈകളും, ആനത്തലയും, ലിംഗവുമൊക്കെയായി നമ്മൾ ഈ ഈശ്വരന്മാരെ ആരാധിക്കുമ്പോൾ പലപ്പോഴും നമ്മൾ അവഹേളിക്കപ്പെടാറുണ്ട്. എന്നാൽ ഈ രൂപത്തിന് പിന്നിൽ വലിയ തത്ത്വങ്ങളുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നമുക്കാർക്കെങ്കിലും സാധിക്കാറുണ്ടോ…. അവിടെയാണ് നമ്മുടെ പരാജയം. അജ്ഞത….ഓരോ ഈശ്വരരൂപത്തെയും കുറിച്ചു നാം വിശദമായി അറിയേണ്ടിയിരിക്കുന്നു..