സനാതന ധർമ്മം..27 ::
“ഹിന്ദുധർമ്മം,” “ഹിന്ദുമതം” എന്നെല്ലാം നാം പറയുമ്പോഴും നമ്മുടെ വേദശാസ്ത്രങ്ങളിൽ ഹിന്ദു എന്നൊരു ശബ്ദം തന്നെയില്ല. അതുകൊണ്ടു ഹിന്ദു എന്ന പദപ്രയോഗം തന്നെ തെറ്റാണെന്ന് ചിലർ വാദിക്കുന്നു.
എന്താണ് ഹിന്ദു എന്ന് നമുക്കൊന്ന് നോക്കാം. ആചാര്യൻമാരിൽ നിന്ന് കേട്ടറിഞ്ഞതു ഞാൻ ഇവിടെ വിശദീകരിക്കാം.
നമ്മുടെ വേദശാസ്ത്ര ഗ്രന്ഥങ്ങളിൽ ഹിന്ദു എന്നൊരു പദപ്രയോഗം വരുന്നതേയില്ല. സർവ്വമതങ്ങളുടെയും മാതാവായ സനാതനധർമ്മത്തിനു പ്രത്യേകിച്ചൊരു പേരിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, മറ്റൊരു ധർമ്മവും അന്നുണ്ടായിരുന്നില്ല എന്നത് തന്നെ. എന്നാൽ ഈ സനാതന ധർമ്മത്തിന്റെ അതിവിശാലതയെ ഉൾക്കൊള്ളാൻ പറ്റാത്ത ചില ശ്രേഷ്ഠവ്യക്തികൾ ചില ദേശത്ത്, ചില കാലത്ത്, തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞവയെ തന്റെ പിൻതലമുറക്കാർക്കായി ഉപദേശിച്ചു കൊടുക്കുകയും അവയൊക്കെ ഓരോ മതങ്ങളായി പരിണമിക്കുകയും ചെയ്തു. എന്നാൽ ഇവയെല്ലാം തന്നെ ഈ സനാതന ധർമ്മത്തിന്റെ വിശാലപരിധിക്കുള്ളിൽ ഉൾപ്പെടുന്നവ തന്നേയാണ്. അനാദിയായ സനാതന ധർമ്മത്തിന് സമാനമായ മറ്റൊരു ധർമ്മം ഇല്ലാത്തതിനാൽ ഇതിന് പ്രത്യേകിച്ചൊരു പേരിന്റെ ആവശ്യം ഇല്ലെന്ന് പറഞ്ഞല്ലോ… അതുതന്നെയാണ് ഈ ധർമ്മത്തിന്റെ മഹത്ത്വവും…
വടക്ക് ഹിമാലയം മുതൽ തെക്ക് ഇന്ദുസമുദ്രം വരെയുള്ള ഭൂവിഭാഗത്തിന് ഹിന്ദുസ്ഥാനം എന്ന് പറയുന്നു. ആ ഹിന്ദുസ്ഥാനത്ത് വസിക്കുന്നവർ ഹിന്ദുക്കളാണെന്നും അവരുടെ ധർമ്മം ഹിന്ദുധർമ്മം ആണ് എന്നും ഒരുകൂട്ടർ നിർവചിക്കുന്നു. എന്നാൽ ഭാരതത്തിലേക്ക് കച്ചവടത്തിനും മറ്റും വന്ന വിദേശികൾ, സിന്ധുനദിയോട് അനുബന്ധിച്ച് ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തെയാണ് ഹിന്ദു എന്ന് സംബോധന ചെയ്തത്.
അപ്പോൾ ഈ ഹിന്ദുസ്ഥാനത്ത് വസിക്കുന്നവർ ഒക്കെ ഹിന്ദുക്കൾ ആണ് എന്നാണോ പറയുന്നത്..? അല്ല.. ഒരിക്കലുമല്ല. സനാതനധർമ്മം വേദോക്തമായ ധർമ്മമാണ്. ആയതിനാൽ ഹിന്ദു ധർമ്മം വേദത്തിലുള്ള വിശ്വാസവും വേദധർമ്മാചരണവുമാണ്. ഹിന്ദു എന്ന് വിളിക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യതയും ഈ ധർമ്മാചരണമാണ്. ഇവർ ഏതു ഭൂവിഭാഗത്തിൽ വസിക്കുന്നവരാണെങ്കിലും “ഹിന്ദുക്കൾ”എന്ന് പറയപ്പെടുന്നു. ഈ വേദാനുശാസനങ്ങളെ സ്വീകരിക്കാത്തവർ ഭാരതത്തിലാണെങ്കിലും ഹിന്ദുക്കൾ എന്ന പേരിന് അർഹരല്ലെന്നും വിവക്ഷിക്കുന്നു. അതായത് ജാതി വ്യവസ്ഥ പോലെതന്നെ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഹിന്ദു ആകേണ്ടത് എന്ന് സാരം..