പുനരപി ജനനം പുനരപി മരണം [25]

സനാതന ധർമ്മം – 25  ::

നമ്മുടെ ജീവിതം എന്ന് പറയുന്നത് ജനനം മുതൽ മരണം വരെ മാത്രം ഉള്ള ഒരു ജീവിതമല്ല…..ഇതു മനസ്സിന്റെ ഒരു യാത്രയാണ്. ഈ മനസ്സിന് ജനനമരണങ്ങളില്ല. അത് എവിടെ നിന്ന് പുറപ്പെട്ടോ അവിടെ എത്തുന്നത് വരെ ഈ യാത്ര തുടരുന്നു. നമ്മൾ ഏതു കർമ്മം ചെയ്യുമ്പോഴും അതിന്റെ സ്മരണകൾ(impressions) നാമറിയാതെ നമ്മുടെ ഉള്ളിൽ ഒരു വാസനയായി അഥവാ ഒരു സംസ്കാരമായി രൂപാന്തരപ്പെട്ടു വരുന്നു. നമ്മുടെ ശരീരം നശിച്ചാലും ഈ സംസ്കാരമാകുന്ന സ്മരണകൾക്ക് നാശം സംഭവിക്കുന്നില്ല.
Energy neither be created nor destroyed എന്ന തത്വം എത്രയോ കാലത്തിനു മുൻപുതന്നെ നമ്മുടെ ഋഷീശ്വരന്മാർ കണ്ടെത്തിയതാണ്. ആ സംസ്കാരം നിറഞ്ഞ മനസ്സ് അവയുടെ ആഗ്രഹ പൂർത്തീകരണത്തിനായി വീണ്ടും ഒരു ശരീരമെടുക്കുന്നു.

വാസാംസി ജീർണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാനി
അന്യാനി സംയാതി നവാനി ദേഹീ..
(ഭഗവത്ഗീത ….അദ്ധ്യായം…2 …ശ്ലോകം 22)

ജീർണ്ണിച്ച വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു
പുത്തൻതരം മാനുഷരേറ്റിടുന്നു.
അമ്മട്ടു കൈക്കൊൾവു നവീനദേഹം
ത്യജിച്ചു ജീർണ്ണിച്ചവ മാറ്റി, ദേഹി..
(മലയാളഭാഷാ ഗീത)

ഒരു ദേഹത്തിലെ അഭിമാനവും ഭുക്തിയും അനുഭവിച്ചു കഴിഞ്ഞാൽ ആ ജീവൻ ആ ദേഹം വിട്ടു താൻ ആർജ്ജിച്ച സംസ്കാരത്തിന് അനുയോജ്യമായ മറ്റൊരു ദേഹത്തിൽ പ്രവേശിക്കുകയും വീണ്ടും അതു വിട്ടു വേറൊരു ശരീരം എടുക്കുകയും ചെയ്യുന്നു….എന്നു..

ഇങ്ങനെ ഓരോ ജന്മവും ‘പുനരപി ജനനം പുനരപി മരണം’ എന്നപോലെ തുടർന്ന്കൊണ്ട് പോകുന്നു. ഇതിനൊരവസാനം വരണമെങ്കിൽ വാസനകൾ ഇല്ലാതെ ആകണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കർത്താവും ഭോക്താവും ആയ ‘ഞാൻ’ ഇല്ലാതെയാകണം. അതിന് ഒരു വഴിയേ ഉള്ളൂ. മനസ്സിനെ ഈ ശരീരത്തിൽ നിലനിർത്തുന്ന ഭഗവാനിൽ പൂർണ്ണമായ ‘സമർപ്പണം’.

അതാണ് ഗീതയിലെ ഈ ശ്ലോകം കൊണ്ടു വ്യക്തമാക്കുന്നത്..

ആ ബ്രഹ്മ ഭുവനാ ലോകാ
പുനരാവർത്തിനോർജ്‌ജുന
മാമുപേത്യതു കൗന്തേയ
പുനർ ജന്മ ന വിദ്യതേ
( ഭഗവത്ഗീത …അദ്ധ്യായം..8…ശ്ലോകം 16)

ബ്രഹ്മലോകം മുതൽക്കെല്ലാം
ജന്മമുള്ളവ മേൽക്കുമേൽ
എന്നിലർജ്‌ജുന വന്നോനോ
പിന്നീജന്മമെടുത്തിടാ..
(മലയാളഭാഷാ ഗീത)

ഏതു കർമ്മം ചെയ്യുമ്പോഴും അതിനെ ഭഗവാന്റെ നിയോഗമായി കണ്ട് മനസ്സിന്റെ പൂർണ്ണ സമർപ്പണത്തോടെ ചെയ്യുകയും ഏതനുഭവത്തെയും ഭഗവാന്റെ പ്രസാദമായി ഉൾക്കൊള്ളാൻ സാധിക്കുകയും ചെയ്യുന്നവന് വീണ്ടും ഈ സംസാര ദുഃഖത്തിലേക്ക് പതിക്കേണ്ടി വരില്ല….എന്നു…
സൽപ്രവർത്തികൾ ചെയ്തു സ്വർഗ്ഗലോകം ബ്രഹ്മലോകം എന്നീ സ്ഥാനത്തെത്തിയാലും ” ക്ഷീണേ പുണ്യെ മർത്യലോകം വിശന്തീ” എന്നപോലെ പുണ്യം തീർന്നാൽ വീണ്ടും സംസാരദുഃഖങ്ങളുടെ ഈ ലോകത്തിലേക്കു വരേണ്ടിവരും…എന്നാൽ കർതൃ ഭോക്തൃ ചിന്തയില്ലാതെ സമബുദ്ധിയിൽ ഭഗവത് സമർപ്പണമായി ജീവിക്കുന്ന ഒരു മനസ്സ് കാലക്രമേണ ഭഗവാനിൽ ലയിച്ചു ആ മനസ്സും ഭഗവാനും ഒന്നായിത്തീരുന്നു. ഇതിനെയാണ് ഋഷീശ്വരന്മാർ “ബ്രഹ്മനിർവാണം” എന്ന് പറയുന്നത്. ഓരോരുത്തരെയും ഈ അവസ്ഥയിലേക്ക് ഉയർത്തുന്നതാണു ഭാരതീയ സംസ്കാരം.

ലോകാ സമസ്താ സുഖിനോ ഭവന്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s