സനാതന ധർമ്മം – 22 ::
ഭക്ഷണത്തെ പോലെ തന്നെ നമ്മുടെ കർമ്മങ്ങളേയും, യജ്ഞങ്ങളേയും ഇങ്ങനെ സത്വ രജ തമോ ഗുണങ്ങൾക്കനുസരിച്ചു മൂന്നായി തരം തിരിക്കാം. അത് എങ്ങനെ എന്ന് നോക്കാം.
സാത്വിക കർമ്മത്തെക്കുറിച്ചു ഭഗവത്ഗീത ഇങ്ങനെ പറയുന്നു..
അഫലാകാംക്ഷിഭിർ യജ്ഞഃ
വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ
സമാധായ സ സാത്ത്വികഃ
(ഭഗവത്ഗീത…അദ്ധ്യായം 17, ശ്ലോകം 11)
കർത്തവ്യമെന്ന ബോധത്താൽ
ശാസ്ത്രത്തിന്നൊത്ത രീതിയിൽ,
നിഷ്കാമം കൃതമാം കർമ്മം
നിർദ്ദോഷം സാത്ത്വികം മതം.
(മലയാളഭാഷാ ഗീത)
കർമ്മങ്ങൾ പൊതുവെ നാലു തരം ഉണ്ട്…
(1). കാമ്യകർമ്മം
(2). നിഷിദ്ധ കർമ്മം
(3). നിത്യകർമ്മം
(4). നൈമിത്തിക കർമ്മം.
ഇതിൽ നിത്യകർമ്മവും നൈമിത്തിക കർമ്മവും ശാസ്ത്രവിഹിതങ്ങളായ കർമ്മങ്ങളാണ്. അതുകൊണ്ട് തന്നെ അതു ധാർമ്മികമായി അനുഷ്ഠിക്കപ്പെടേണ്ടതുമാണ്. ലാഭേഛയില്ലാതെ സ്വന്തം കർത്തവ്യം എന്ന രീതിയിൽ സമൂഹ നന്മക്കായി വിധിയാം വണ്ണം ചെയ്യുന്ന ഈ കർമ്മമാണ് സാത്ത്വിക കർമ്മം ..നിസ്വാർത്ഥമായി ചെയ്യുന്നതിനാൽ അവർക്കു ആ കർമ്മത്തിന്റെ ഫലത്തെകുറിച്ചുള്ള ആകാംക്ഷയുമില്ല. അവർ വർത്തമാനകാലത്തെ ധന്യമാക്കുന്ന വിവേകമതികൾ ആണ്.
ഇനി രാജസ കർമ്മങ്ങൾ എന്തെന്ന് നോക്കാം.
അഭിസന്ധായ തു ഫലം
ദംഭാർത്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ
തം യജ്ഞം വിദ്ധി രാജസം.
(ഭഗവത്ഗീത അദ്ധ്യായം -17, ശ്ലോകം 12)
പ്രഭാവം പ്രകടിപ്പിക്കാൻ
പ്രാപിക്കാൻ പലതാം ഫലം,
ഈ വിധം കാംക്ഷയാ ചെയ്യും
യജ്ഞം രാജസമർജ്‌ജുന !
(മലയാളഭാഷാ ഗീത)
ചിലർ സ്വന്തം പ്രതാപത്തെ ഉയർത്തി കാണിക്കാൻ വേണ്ടിമാത്രം പ്രത്യേകിച്ചു ഒരു ലക്ഷ്യവും ഇല്ലാതെ കർമ്മം ചെയ്യുന്നു. അവർ മന :ശുദ്ധി ഉള്ളവരല്ല. മറ്റൊരു കൂട്ടരാകട്ടെ നിശ്ചിതഫലപ്രാപ്തിക്കായിക്കൊണ്ട് തന്നെ കർമ്മം ചെയ്യുന്നു.(കാമ്യകർമ്മം) ഫലപ്രതീക്ഷ അവരുടെ മനസ്സിനെ ആശങ്കയും, വെപ്രാളവും കൊണ്ട് അസ്വസ്ഥരാക്കും. ഈ രണ്ടു തരം കർമ്മങ്ങളും രാജസ കർമ്മങ്ങളത്രേ.
ഇനി താമസ കർമ്മം നോക്കാം..
വിധിഹീനമസൃഷ്ടാന്നം
മന്ത്രഹീനമദക്ഷിണം
ശ്രദ്ധാവിരഹിതം യജ്‌ഞം
താമസം പരിചക്ഷതേ
(ഭഗവത്ഗീത..അദ്ധ്യായം 17,ശ്ലോകം 13)
വിധിയില്ലി, ല്ല വിശ്വാസം
മന്ത്രമില്ലി, ല്ല ദക്ഷിണ
അന്നദാനങ്ങളില്ലേവം-
ചെയ്യും കർമ്മങ്ങൾ താമസം.
(മലയാള ഭാഷാ ഗീത)
അന്നമെന്നാൽ ഭക്ഷണം മാത്രമല്ല, നിത്യ നിദാന കാര്യങ്ങളായ വസ്ത്രം, പാർപ്പിടം മുതലായവകൂടി അതിൽപ്പെടും. ഇത് മൂന്നും ഉള്ളവർ ഇല്ലാത്തവർക്ക് സന്തോഷത്തോടെയും സ്നേഹത്തോടെയും ദാനം ചെയ്യേണ്ടവയാണ്. എന്നാൽ ഇപ്രകാരം ദാന ധർമ്മങ്ങൾ ചെയ്യാത്തവർ ചെയ്യുന്ന കർമ്മങ്ങളും, മന്ത്രം പിഴച്ചും ദക്ഷിണ നൽകാതെയും, ശാസ്ത്ര വിധി നോക്കാതെയും ചെയ്യുന്ന കർമ്മങ്ങളും താമസിക കർമ്മങ്ങളത്രേ. (നിഷിദ്ധ കർമ്മം) ഇവ ചെയ്യുന്ന ആൾക്കോ,മറ്റുള്ളവർക്കോ ഒരു പ്രയോജനവും ഉണ്ടാക്കില്ല.
ത്രിഗുണങ്ങളെ കുറിച്ച് ഇത്രയും എഴുതിയത് നമുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു അവബോധമുണ്ടാകാൻ വേണ്ടിയാണ്.നമ്മുടെ കർമരംഗത്ത്, സ്വഭാവത്തില് എല്ലാം എത്രമാത്രം ഈ ത്രിഗുണങ്ങൾ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കിയല്ലോ..