സനാതന ധർമ്മം. 20 ::
ത്രിഗുണങ്ങൾ എന്നത് പ്രകൃതിയിൽ നിന്നുണ്ടാകുന്നതാണ്. അവ ഒരു ജീവനെ മോഹിപ്പിക്കുകയും ഈ സംസാരത്തോട് ബന്ധിപ്പിക്കുകയും ചെയ്യും.
ഈ ഗുണങ്ങളെ ലക്ഷണങ്ങളിൽ കൂടി മാത്രമേ തിരിച്ചറിയാനാകുകയുള്ളൂ. ഓരോ ഗുണങ്ങൾ സ്വാധീനിക്കുന്ന മനസ്സിലുണ്ടാകുന്ന വികാരങ്ങളും പെരുമാറ്റ രീതിയും വിസ്തരിച്ചു പറയുന്നുണ്ട് ഭഗവാൻ ഗീതയിൽ.. ഇതു സാധകരായ മനുഷ്യർക്ക് വളരെ സഹായകമാണ്. എന്തെന്നാൽ തങ്ങളുടെ മനോബുദ്ധിയിൽ പൊന്തി വരുന്ന വികാരവിചാരങ്ങളെ അപഗ്രഥിച്ചു, ഇപ്പോൾ ഏതു ഗുണമാണ് തന്നെ ഭരിക്കുന്നതെന്നു മനസ്സിലാക്കാൻ ഈ വിവരണം സഹായിക്കും.
സത്വഗുണത്തെപ്പറ്റി ഭഗവാൻ ഇങ്ങനെ പറയുന്നു.
തത്ര സത്ത്വം നിർമലത്വാത്
പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി
ജ്ഞാനസംഗേന ചാനഘ
(ഗീത… അദ്ധ്യായം 14, ശ്ലോകം 6)
സത്വമാകട്ടെ സംശുദ്ധം
പ്രകാശാരോഗ്യദായകം
അറിവും സുഖവും തോന്നി-
ച്ചാരാലേൽപ്പിച്ചു ബന്ധനം.
(മലയാളഭാഷാ ഗീത)
സത്വ ഗുണത്തിൽ മനസ്സ് നിൽക്കുമ്പോൾ അതു ഏറ്റവും നിർമ്മലവും അചഞ്ചലവും, തെളിവാർന്നതും, ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നതുമായിരിക്കും. സർഗ്ഗാത്മക ചിന്തയുടെയും ജ്ഞാനരതിയുടെയും ഉദാത്ത മണ്ഡലത്തിൽ നിൽക്കുന്നവരായിരിക്കും അവരപ്പോൾ. ആരോഗ്യദായകമാണ് ആ ഗുണം.
ഇനി രജോഗുണത്തെ പറ്റി പറയുന്നു.
രജോ രാഗാത്മകം വിദ്ധി
തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്നാതി കൗന്തേയ
കർമ്മസംഗേന ദേഹിനം
(ഗീത…. അദ്ധ്യായം 14, ശ്ലോകം 7)
തൃഷ്ണയാലുളവായീടും
രജസ്സൊട്ടുന്നമട്ടിലായ്
ദേഹിയെ ക്കർമബന്ധത്താൽ
മോഹിപ്പിപ്പൂ ധനഞ്ജയാ!
(മലയാളഭാഷാ ഗീത)
രജോ ഗുണത്തിന്റെ സ്വാധീനത്തിനു അധീനപ്പെടുന്ന മനസ്സ് കാമ, ക്രോധ,ലോഭ, മോഹ, മദ, മാത്സര്യങ്ങളാൽ പ്രക്ഷുബ്ധമായിരിക്കും. തൃഷ്ണയും, സംഗവും, അതായത് ആഗ്രഹവും, ആസക്തിയും രജോഗുണത്തിന്റെ സന്തതികളത്രേ. ഇവ രണ്ടും സംഘർഷങ്ങളുടെ ഉറവിടമാണെന്ന് ഭഗവാൻ പറയുന്നു.
ഇനി തമോ ഗുണത്തെ പറ്റി പറയുന്നതു നോക്കാം
തമസ്ത്വജ്ഞാനജം വിദ്ധി
മോഹനം സർവദേഹിനാം
പ്രമാദാലസ്യനിദ്രാഭി:
തന്നിബധ്നാതി ഭാരതാ
(ഗീത അദ്ധ്യായം 14. ശ്ലോകം 8)
തമസ്സജ്‌ഞാന സംഭൂതം
ഭ്രമമേവർക്കുമേകിടും
മറവും മടിയും മാന്ദ്യ-
മിവയാൽ ബന്ധഭാവവും.
(മലയാളഭാഷാ ഗീത)
തമോ ഗുണമാകട്ടെ അജ്ഞാനത്തിൽ നിന്നുണ്ടാകുന്നതും അത് ജീവനെ മോഹിപ്പിക്കുന്നതും ആണ്. ഈ ഗുണം നമ്മെ ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടപ്പെടുത്തി ഒരു തരം മാന്ദ്യത്തിലേക്കും മറവിയിലേക്കും കൊണ്ടെത്തിക്കുന്നു. മനുഷ്യന്റെ വ്യക്തിത്വത്തെ അധമ പ്രകൃതിയിലേക്ക് നയിക്കുന്നതാണ് ഈ തമോ ഗുണം. ഇതിനു അടിമപ്പെട്ടാൽ ഉദ്ദേശശുദ്ധിയോ, വിചാര സ്ഫുടതയോ, മൃദുലവികാരമോ കർമ്മ വൈശിഷ്ട്യമോ ഒന്നും ഉണ്ടാവുകയില്ല. ഈ ഗുണങ്ങൾ സംസാരത്തോട് ബന്ധിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഇവ നമ്മുടെ വാസനയായി… സ്വാഭാവമായി മാറി , ലോകത്തോടിടപെടുമ്പോൾ അതു പ്രകടമാക്കും എന്നർത്ഥം…