സനാതനധർമ്മം…17 ::
മായാധിപനായ പുരുഷനിൽ നിന്നു കൊണ്ടാണ് ത്രിഗുണാത്മികയായ മായാദേവി അഥവാ പ്രകൃതി സൃഷ്ടി നടത്തുന്നത്. അങ്ങനെ സൃഷ്ടമാകു ന്ന എല്ലാ ജീവജാലങ്ങളിലും ഈ സത്വ രജ ത്തമോ ഗുണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ ജീവനും ഈ മൂന്നു ഗുണങ്ങളുടെയും സ്വഭാവവും ഉണ്ടാകും. ഒരു ജീവനിൽ ഏതു ഗുണമാണോ വർദ്ധിച്ചിരിക്കുന്നത് അതിനു അനുസരിച്ചായിരിക്കും ആ ജീവന്റെ പ്രവർത്തികളും കർമ്മാനുഷ്ഠാനങ്ങളും എല്ലാം. ഈ കർമ്മവൈജാത്യമനുസരിച്ചാണ് അതിന്റെ വർണ്ണം അല്ലെങ്കിൽ ജാതി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഒരാളിൽ സത്വഗുണമാണ് പ്രധാനമായി ഉയർന്നു നിൽക്കുന്നത് എങ്കിൽ അയാളിൽ നിന്നു ബ്രാഹ്മണോചിതമായ കർമ്മങ്ങളെ ഉണ്ടാകുകയുള്ളൂ. അങ്ങിനെയുള്ള സാത്വികഗുണ പ്രധാനിയായ ബ്രാഹ്മണന്റെ സ്വഭാവവിശേഷം എന്തായിരിക്കും എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്.
ശമോ ദമസ്തപ: ശൗചം
ക്ഷാന്തിരാർജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമ്മ സ്വാഭാവജം
(ഗീത….അദ്ധ്യായം 18, ശ്ലോകം 42)
ശമം, ദമം, തപം, ശുദ്ധി,
ആർജ്ജവം, ക്ഷമയും, തഥാ
ജ്ഞാന വിജ്ഞാന വിശ്വാസം
ബ്രാഹ്മണർക്കോ സ്വഭാവജം.
(മലയാള ഭാഷാഗീത)
ശമം, ദമം, തപസ്സു, ശൗചം, ക്ഷമാശീലം, നേർവഴിക്കുള്ള സഞ്ചാരം, ശാസ്ത്ര പരിജ്ഞാനം, തത്വാനുഭൂതി, ആസ്തിക്യ ബുദ്ധി ഇവയെല്ലാം സാത്വിക ഗുണപ്രധാനികളായ ബ്രാഹ്മണരുടെ കർമ്മങ്ങളത്രേ. ഇവയൊക്കെ എന്താണെന്ന് നമുക്കൊന്ന് നോക്കാം.
ഏകാന്തതയിൽ ഇരുന്നാലും മുൻപ് അനുഭവിച്ച വിഷയങ്ങളുടെ സ്മരണ മൂലം മനസ്സ് അത്തരം വിഷയങ്ങളിലേ ക്കോടിക്കണ്ടിരിക്കും. അതിനെ നിയന്ത്രിക്കലാണ് ശമം
.
ഇന്ദ്രിയ നിയന്ത്രണമാണ് ദമം. ഇന്ദ്രിയങ്ങൾ വഴി ബാഹ്യ വിഷയങ്ങൾ നമ്മുടെ ഉള്ളിൽ കടന്നു നമ്മുടെ മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. അതിനെ നിയന്ത്രിക്കലാണ് ദമം
ഇങ്ങനെ ശമദമാദികളിൽ കൂടി ആർജ്ജിച്ച ആന്തരീക ശക്തിയെ ആത്മവികാസത്തിനു പ്രയോജനപ്പെടുത്താനായികൊണ്ട് ശരീരത്തെ പരിപാകപ്പെടുത്തുന്നതാണ് തപസ്സ്
ക്ഷമാശീലമാണ് ക്ഷാന്തി. തന്നോട് മോശമായി പെരുമാറുന്നവർക്കും മാപ്പ് കൊടുക്കുക എന്നത് സാത്വിക ഗുണത്തിന്റെ സ്വഭാവമാണ്.
ഉൽകൃഷ്ടാചാരങ്ങളെ വിട്ടുവീഴ്ച ഇല്ലാതെ ആചരിക്കുന്നതിനും ശരിയായ ധർമ്മത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിനും ആർജ്ജവം എന്ന് പറയുന്നു.
ഈ പറഞ്ഞ 6 മാർഗ്ഗത്തിൽ കൂടി ചരിക്കുന്നവനു വന്നു ചേരുന്ന മൂന്നു ഗുണങ്ങൾ ആണ്, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം.
പരമാത്മാവിനെ കുറിച്ചുള്ള ബുദ്ധിപരമായ അറിവാണ് ജ്ഞാനം. ഈ അറിവിനെ ആചരിച്ചു സാക്ഷാത്കരിക്കുന്നതാണ് വിജ്ഞാനം. ഈ അറിവിനെയും, ആചാരങ്ങളെയും വിശ്വാസത്തോടെ മുറുകെപ്പിടിച്ചു ജീവിക്കുന്നതാണ് ആസ്തിക്യം
ഈ ജ്ഞാന, വിജ്ഞാന, ആസ്തിക്യബുദ്ധി വളർത്തി ആത്മ വികാസം നേടുക എന്നതാണ് സാത്വികഗുണ പ്രധാനിയായ ബ്രാഹ്മണന്റെ ധർമ്മം.