സനാതനധർമ്മം…15 ::
നാം ഓരോരുത്തരും ഈ പുരുഷപ്രകൃതി സംയോഗങ്ങളാൽ രൂപപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന, ഭൂമിയിലെ ആഹാരം കൊണ്ട് നിലനിൽക്കുന്ന അഥവാ പോഷിപ്പിക്കപ്പെടുന്ന ഈ ശരീരം ഭൂമിയോട് ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ നമ്മുടെ ശരീരത്തിന്റെ 80% വും ജലമാണ്.അത് പുറമേയുള്ള ജലസ്രോതസുകളോടും ബന്ധപ്പെട്ടിരിക്കുന്നു. നമ്മിലെ പ്രാണവായു അന്തരീക്ഷ വായു മണ്ഡലത്തോടും ചൂട് അന്തരീക്ഷ ഊഷ്മാവിനോടും ബന്ധപ്പെട്ടിരിക്കുന്നു. ആകാശം അഥവാ Space പുറമേയുള്ള പോലെ നമ്മുടെ ഉള്ളിലും ഉണ്ട്. ഇങ്ങനെ നോക്കിയാല്‍ നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പ് ഈ പ്രകൃതിയിലാണെന്നു കാണാം. അതുപോലെ അദൃശ്യങ്ങളായ നമ്മുടെ മനസ്സ് , ബുദ്ധി ,ചിന്തകൾ ഇവയെല്ലാം പുരുഷനോടും ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഉറവിടം (Source) പൂർണ്ണ ബോധശക്തിയാണ്. ഗീതയിൽ ഭഗവാൻ പറയുന്നുണ്ട്.
മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി
പ്രകൃതിസ്ഥാനീ കർഷതി
(ഗീത അദ്ധ്യായം 15 ശ്ലോകം 7)
ജീവനായ്തോന്നിടും ശക്തി-
ഭാവമെൻ ഭാഗമവ്യയം
ക്ഷേത്രാംശമിന്ദ്രിയം സർവ്വം
വലിപ്പൂതന്നിലേക്കവൻ
(മലയാള ഭാഷാ ഗീത )
ഈ മനസും ബുദ്ധിയും ചിന്തകളുമെല്ലാം പ്രകൃതിക്കനുസരിച്ച് ചലിക്കുന്നവയാണെങ്കിലും ”എന്റെ” തന്നെ അംശമാണെന്ന്. അതായത് ഇതിനൊക്കെ ഉൺമ കൊടുക്കുന്നത് , അതിന്നാധാരമായ് ……ഒരു ജീവനായ് നിലനിർത്തുന്നത് ഈ ബോധശക്തി തന്നെയാണ്. നമ്മുടെ വ്യക്തിത്വം എന്ന് പറയുന്നത് ശരീരം, മനസ്, ബുദ്ധി …..ഇവയെ ചൈതന്യവത്താക്കുന്ന ബോധശക്തി എന്നിവ കൂടിയാണ്. അങ്ങനെ നാം എല്ലാം ഈ പുരുഷപ്രകൃതി ശക്തികളുടെ ഭാഗമാണെങ്കിൽ നാം എല്ലാവരും ഒരുപോലെത്തന്നെ ഇരിക്കേണ്ടത് അല്ലേ ?എന്നാൽ നമ്മൾ ഓരോരുത്തരും തികച്ചും വ്യത്യസ്തരല്ലേ….എന്തുകൊണ്ട്..? ചിന്തിച്ചിട്ടുണ്ടോ…? അവിടെയാണ് നമ്മൾ മനസിനെക്കുറിച്ചും അതിന്റെ ഗുണഘടനെയെക്കുറിച്ചുമെല്ലാം പഠിക്കേണ്ടതിന്റെ ആവശ്യകത. ഈ മനസാണ്….നമ്മുടെ സ്വാഭാവമാണ്.. ഒരാളെ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാക്കുന്നത്..
തുടരും.