പ്രപഞ്ചസത്യം .. [10]

 #സനാതനധർമ്മം….10 :: 

പ്രപഞ്ചസത്യവും താൻ ആരെന്ന യാഥാർത്ഥ്യവും തേടിപ്പോയ ഋഷീശ്വരന്മാർ കണ്ടെത്തിയത് …..ഈ പ്രപഞ്ചം എന്നതു പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളും (ആകാശം, വായു, അഗ്നി, ജലം, ഭൂമി )ഒരു പൂർണ്ണബോധശക്തിയും കൂടിയതാണ് എന്നാണ്. അതായത് പ്രപഞ്ചം എന്നത് പഞ്ചഭൂതശക്തികൾ(cosmic energy) ആണെങ്കിലും ഒരു പൂർണബോധ ശക്തിയിലാണ്(conscious energy) ഇതൊക്കെ നിലകൊള്ളുന്നതെന്ന് സാരം. ഇത് വെളിവാക്കുന്നതായിരുന്നു “ചതുശ്ലോകീ ഭാഗവതം”…അതിലെ ആദ്യത്തെ ശ്ലോകം തന്നെ ഇങ്ങനെയാണ്….

അഹമേവാസമേവാഗ്രെ
നാന്യദ്യത് സദസത്പരം
പശ്ചാദഹം യദേതച്ച
യോവശിഷ്യേത സോസ്മ്യഹം..
(ഭാഗവതം…സ്കന്ധം2…അദ്ധ്യായം9….ശ്ലോകം32)

ഈ പ്രപഞ്ച സൃഷ്ടിക്ക് മുൻപും ഈ സൃഷ്ടിയിലും സൃഷ്ടിക്കു ശേഷവും “ഞാൻ” മാത്രമേ ഉണ്ടായിരുന്നുള്ളൂ. സത്തിനും(അനശ്വരമായതിനും) അസത്തിനും(നശ്വരമായതിനും) ഉപരിയായി ഈ ലോകരൂപങ്ങളെല്ലാമായി കാണപ്പെടുന്നത്‌ യാതൊന്നോ അതു “ഞാൻ”തന്നെ.അതായത് എനിക്ക് ആദിയും അന്തവും ഇല്ല…എന്നെക്കൂടാതെ അന്യമായി ഒന്നും ഇല്ല….”ഞാൻ” ത്രികാലവ്യാപിയായ പരിപൂർണ്ണൻ ആണു…. എന്ന് സാരം.
അതുതന്നെ ഭഗവത് ഗീതയിലും ഭഗവാൻ അര്ജുനനോട് പറയുന്നു വേറൊരു രൂപത്തിൽ…..

അഹം ആത്മ ഗുഡാ കേശാ
സർവ്വഭൂതാശയസ്ഥിതാഃ
അഹമാദിശ്ച ച മധ്യം ച
ഭൂതാനാം അന്തമേവ ച.
(ഭഗവത് ഗീത..അധ്യായം 10….ശ്ലോകം 20)

അതായത് പഞ്ചഭൂതനിർമിതമായ എല്ലാ ജീവികളിലും “ഞാൻ” ആത്മാവായി …ഉണ്മയായി വസിക്കുന്നു …എന്നാൽ “ഞാൻ”എന്നത് ആ സൃഷ്ടിക്കു മുൻപും സൃഷ്ടിയിലും സൃഷ്ടിക്കു ശേഷവും പരിപൂർണമായി നിലകൊള്ളുന്നു എന്നും…. ഈ രണ്ടു ശ്ലോകങ്ങളിൽക്കൂടി നമ്മുടെ ഋഷീശ്വരന്മാർ അവനവനെ കുറിച്ചും ഈശ്വരനെക്കുറിച്ചുമെല്ലാം നമുക്ക് വിശദീകരിച്ചു തരുന്നു…..ഈ “ഞാൻ” ആരെന്നു നമുക്ക് വിശദമായി അറിയേണ്ടിയിരിക്കുന്നു….
തുടരും..

Leave a comment