#സനാതനധര്‍മ്മം__6 ::
വളരെ ബൃഹത്തും മഹത്തുമായ ഈ വേദങ്ങളാണ് നമ്മുടെ സനാതനധർമ്മത്തിന്റെ അടിസ്ഥാനം. ഈ വേദങ്ങളും അതിന്റെ സാരാംശമായ ഉപനിഷത്തുക്കളും മറ്റും പ്രായേണ നിഗൂഢ തത്വങ്ങളാൽ അത്യുന്നതമായ ബോധതലത്തിൽ ഉള്ളതാകയാൽ ഈ ജ്ഞാനം നേടിയെടുക്കാൻ കഠിനമായ നിഷ്ഠയോടും തപസ്സോടും കൂടിയ ഒരു ജീവിതചര്യ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന് അതു അപ്രാപ്യവുമായിരുന്നു. എന്നാൽ, അതേസമയം ഈ വേദമാണ് നമ്മുടെ ജീവിതത്തിന്റ അടിസ്ഥാനശാസ്ത്രം എന്ന് മനസ്സിലാക്കുമ്പോൾ ഇതിനെ സാധാരണക്കാരനെ ഗ്രഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറെ വെളിവാകുന്നു. ഇതിനായി കൊണ്ടാണ് ഈ വേദ തത്വങ്ങളെ കഥകളുടെയും ആഖ്യായികകളുടെയും സഹായത്താൽ ഇതിഹാസ പുരാണങ്ങൾ ആയി രചിക്കപ്പെട്ടത്.അങ്ങനെ രചിക്കപ്പെട്ട ഇതിഹാസങ്ങൾ രണ്ടെണ്ണമാണ്. “അദ്ധ്യാത്മ രാമായണവും മഹാഭാരതവും.” പുരാണങ്ങളിൽ ആകട്ടെ മഹാപുരാണം , ഉപപുരാണം എന്ന രണ്ടു ശാഖകളുണ്ട്.ഇതിൽ ബ്രഹ്മപുരാണം വിഷ്ണുപുരാണം തുടങ്ങി പതിനെട്ട് മഹാപുരാണങ്ങളാണ് പ്രധാനപ്പെട്ടവ. വേദങ്ങളെ ശ്രുതി ( ഋഷിമാരിൽനിന്ന് നേരിട്ട് കേട്ടത് )എന്നും ഇതിഹാസപുരാണങ്ങളെ സ്മൃതി (സ്മരിക്കപ്പെടുന്നത്)എന്നും പറയപ്പെടുന്നു. ഈ സ്മൃതി വിഭാഗത്തിൽ സാമൂഹിക നിയമ പരിപാലനത്തിനായി ഓരോ വ്യക്തിയും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കർമ്മങ്ങളെ വിധിക്കുന്ന ധർമ്മശാസ്ത്രങ്ങളും ഉണ്ട്. അവയാണ് മനുസ്മൃതി , യാജ്ഞവല്ക്യസ്മൃതി , വ്യാസസ്മൃതി തുടങ്ങിയവ. സനാതന സത്യങ്ങളെ അതേപടി പറഞ്ഞാൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് മനസിലായി എന്നുവരില്ല. ഉദാഹരണത്തിന് , വേദശാസനമായ സത്യം വദ (സത്യം പറയണം)ധർമ്മം ചര (ധർമ്മത്തിൽ ചരിക്കണം ) എന്ന് പറഞ്ഞാൽ സാധാരണക്കാരന് അത് മനസ്സിലാക്കി ഉൾക്കൊള്ളാനാവില്ല. എന്നാൽ സത്യം പറഞ്ഞാൽ ഉള്ള ഗുണങ്ങളും അസത്യം പറഞ്ഞാൽ ഉള്ള ഭവിഷ്യതും മറ്റും ഹൃദയസ്പർശിയായി വിവരിക്കുന്ന കഥകളൊ ഐതിഹ്യങ്ങളോ പറഞ്ഞുകൊടുത്താൽ അത് എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനോക്കും. ഇങ്ങനെ മനുഷ്യനെ ധർമ്മത്തിന്റെയും ഭക്തിയുടെയും മാർഗ്ഗത്തിൽക്കൂടി പരമപുരുഷാർത്ഥതിലേക്കു ഉയർത്തി മോക്ഷപ്രാപ്തിയിലെത്തിക്കുന്ന ഈ ശ്രുതി സ്മൃതികളിലാണ് നമ്മുടെ സനാതനധർമ്മം നിലകൊള്ളുന്നത്. ഈ ധർമ്മത്തിൽനിന്ന് തന്നെയാണ് മറ്റു മതങ്ങളൊക്കെ ഉരുത്തിരിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ ഹിന്ദു മതം എന്നത് ഒരു പ്രത്യേക വിഭാഗതിന്റെ അല്ല , മറിച്ച് മനുഷ്യരാശിയുടെ ആകമാനം അഭ്യുന്നതിക്കായുള്ള ധർമ്മ ശാസ്ത്രങ്ങളെപ്പറ്റിയും പ്രപഞ്ചശക്തിയെപ്പറ്റിയും എല്ലാം പ്രതിപാദിക്കുന്ന മഹത്തായ ഒരു സംസ്കാരമാണ്…
തുടരും.